പനാജി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണ കാരണം കൃത്യമായി കണ്ടെത്തുന്നതിനായി ബുധനാഴ്ച ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടിക് ടോക്കിലൂടെ പ്രശസ്തി നേടിയ ഹരിയാനയിൽ നിന്നുള്ള ബി.ജെ.പി നേതാവ് ഫോഗട്ട് (42) തിങ്കളാഴ്ച വൈകുന്നേരമാണ് നോർത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഫോഗട്ടിന്റെ കുടുംബാംഗങ്ങൾ ഗോവയിലെത്തിയത്.
ആശുപത്രിയിലെ ഫോറൻസിക് സയൻസ് മെഡിസിൻ വിഭാഗത്തിൽ നിന്നുള്ള രണ്ട് വിദഗ്ധർ – ഡോ സുനിൽ ചിമുൽക്കർ, ഡോ ഷെറിൽ സോറസ് എന്നിവരടങ്ങുന്ന പാനൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് മുതിർന്ന ജിഎംസിഎച്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ജുന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ആഗസ്റ്റ് 22 ന് ഗോവയിൽ എത്തിയ ഫോഗട്ട് അഞ്ജുന പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അവരെ ഹോട്ടലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത്.
ശാരീരികാസ്വസ്ഥതയെ തുടർന്നാണ് സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചതെന്ന് ഗോവ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജസ്പാൽ സിംഗ് ചൊവ്വാഴ്ച പറഞ്ഞു. ഫോഗട്ടിന്റെ കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയും, മരണത്തിന്റെ സാഹചര്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഹരിയാനയിലെ പ്രതിപക്ഷ പാർട്ടികൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മരണത്തില്‍ ദുരൂഹതയില്ലെന്ന് സിംഗ് പറഞ്ഞു. ശരീരത്തിൽ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു.