മലപ്പുറം: നിലമ്പൂർ നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഷൈബിൻ അഷ്റഫിനൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട, ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ച ഡെൻസിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. തഹസിൽദാറുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജില്‍ ഫോറൻസിക് മേധാവിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്കരിച്ച് രണ്ട് വർഷമായെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയാൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യതയും കുറവാണ്. ഇത് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന് സഹായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന് അഷ്റഫിന്റെ ബിസ്നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ മാനേജര്‍ ഡെന്‍സിയേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാലക്കുടി സ്വദേശി റോസ്ലിയുടെ മകള്‍ ഡെന്‍സി 2019 ഡിസംബറിലാണ് ജോലിക്കായി അബുദാബിയിലെത്തിയത്. പിന്നീട് മൂന്ന് മാസത്തോളം ഹാരിസിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഡെന്‍സിയെയും ഹാരിസിനേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചത്. പിന്നീട് ഹൃദയാഘാതമാണെന്നും വിവരം ലഭിച്ചു.
ശാബാ ശരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെയാണ് ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടതാണെന്ന നിഗനത്തിലെത്തിയത്. ഷൈബിന് അഷ്റഫാണ് ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരനെന്ന കൂട്ടുപ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണവും റീ പോസ്റ്റ്മോർട്ടവും നടക്കുന്നത്.
ഹാരിസിന്റെ മൃതദേഹം ഈ മാസം പത്തിന് പോസ്റ്റ്മോർട്ടം നടത്തുകയും സാമ്പിള്‍ രാസ പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരീസ് കൈ ഞരമ്പ് മുറിച്ച് മരിക്കുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് കണ്ടെത്തിയത്. ഇതോടെ കേസ് അന്വേഷണവും അവസാനിപ്പിക്കുകയായിരുന്നു.
ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന് അഷറഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തില്‍ ഷെബിന്‍ ഹാരിസിനെയും ഡാന്‍സിയേയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും വിശ്വസ്തരായ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചതും.
ഹാരിസിന്റെ ഫ്ളാറ്റിന് മുകളില്‍ മറ്റൊരു ഫ്ളാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകക്ക് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട് മരിച്ച യുവതിയുടെ കവിളത്ത് അടിപ്പിക്കുകയും കഴുത്ത് പിടിച്ച് ഞരിക്കുകയും ചെയ്യിപ്പിച്ച് കേസ് വഴിതിരിച്ചുവിടാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം പ്രത്യേക ആപ്പ് വഴി ഷൈബിന് തല്‍സമയം മൊബൈലില്‍ കാണുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി.
ഷാബ ഷെരീഫിന്റെ കൊലപാതകം തെളിഞ്ഞതോടെ മകന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ അമ്മ ഉൾപ്പെടെയുള്ളവർ നിലമ്പൂർ പോലീസിൽ പരാതി നൽകി. അതേസമയം, ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസിന്റെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി ഓണാവധിക്ക് ശേഷം പരിഗണിക്കും. നിലവിൽ അബുദാബിയിൽ നിന്ന് തെളിവെടുപ്പിനായി പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
അതിനായി സിബിഐ വഴി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കത്തയക്കും. ആവശ്യമെങ്കിൽ നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അബുദാബിയിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.