അംറോഹ (ഉത്തർപ്രദേശ്): തന്ത്രികാചാരത്തിന്റെ ഭാഗമായി യുവതി 18 മാസം പ്രായമുള്ള മരുമകനെ ബലികൊടുത്തു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ മലക്പൂർ ഗ്രാമത്തിലാണ് സംഭവം. യുവതി സരോജ് ദേവിയെയും (32) ഭർത്താവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.
“എന്റെ ജ്യേഷ്ഠനും ജ്യേഷ്ടത്തിക്കും നേരത്തെ മൂന്ന് കുട്ടികളെ ജനിച്ചയുടനെ നഷ്ടപ്പെട്ടിരുന്നു. നാലാം തവണ ഗർഭിണിയായപ്പോൾ, അവര്‍ ഒരു തന്ത്രിയുടെ ഉപദേശം തേടി. അവരുടെ നാലാമത്തെ കുട്ടി രക്ഷപ്പെടണമെങ്കില്‍ ഒരു കുഞ്ഞിനെ ബലികൊടുക്കണമെന്ന തന്ത്രിയുടെ ഉപദേശപ്രകാരം അവർ എന്റെ കുഞ്ഞിനെ കൊന്നു,” കുട്ടിയുടെ പിതാവ് രമേഷ് കുമാർ (28) പറഞ്ഞു.
വീട്ടിൽ നിന്ന് കാണാതായി രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ ശരീരഭാഗങ്ങൾ കരിമ്പ് തോട്ടത്തിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അമ്മായി സരോജിന്റെയും മുത്തശ്ശി ഗംഗാദേവിയുടെയും സംരക്ഷണയിലാണ് കുട്ടിയെ വിട്ടത്. കാണാതായ കുട്ടിയെ കണ്ടെത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനെ തുടർന്ന് രമേഷ് കുമാർ പോലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, ഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലെയുള്ള തന്റെ കരിമ്പ് തോട്ടത്തിൽ ഒരു കർഷകൻ കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. പ്രഥമദൃഷ്ട്യാ ബലി കർമ്മത്തിലാണ് ആൺകുട്ടി കൊല്ലപ്പെട്ടതെന്ന് അംരോഹ പോലീസ് സൂപ്രണ്ട് ആദിത്യ ലംഗേ പറഞ്ഞു. ഇരയുടെ അമ്മായി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരു ‘തന്ത്രിയുടെ’ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവർ പോലീസിനോട് പറഞ്ഞു. കുട്ടിയെ ആദ്യം ശ്വാസം മുട്ടിച്ച് കൊല്ലുകയും പിന്നീട് കാലും മറ്റ് ശരീരഭാഗങ്ങളും വെട്ടിമാറ്റുകയും ചെയ്തു. നെറ്റിയിൽ തിലകം പതിച്ച കുട്ടിയുടെ തല ഞങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.