തിരുവനന്തപുരം: കെഎസ്ആർടിസി സർവീസ് പുനഃസംഘടിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത് നഷ്ടം വരുത്തിയ ജീവനക്കാരിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി കെഎസ്ആർടിസി. ഡ്യൂട്ടി ബഹിഷ്കരിച്ച് കോര്‍പ്പറേഷന് നഷ്ടം വരുത്തിവെച്ച ജീവനക്കാരിൽ നിന്ന് പണം ഈടാക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. അതനുസരിച്ച് 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവിൽ പറയുന്നത്.
ജൂണ്‍ 26ന് സര്‍വ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തിച്ചുള്ളത്. 49 ഡ്രൈവര്‍മാരില്‍ നിന്നും 62 കണ്ടക്ടര്‍മാരില്‍ നിന്നുമാണ് പണം ഈടാക്കുക.
ഇതിന് പുറമെ പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാർ 2021 ജൂലൈ 12ന് സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കേണ്ടി വന്നിരുന്നു. അതിനാല്‍ പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാരിൽ നിന്ന് 40,277 രൂപ തുല്യമായി ഈടാക്കാനും ഉത്തരവായി.