ഗുലാം നബി ആസാദിന്റെ രാജിയെ തുടർന്ന് തെലങ്കാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ എംഎ ഖാൻ രാജിവച്ചു. ആസാദിനെ പോലെ തന്നെ രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.രാജി വച്ചതിന് പിന്നാലെ പ്രതികരണങ്ങളും തുടങ്ങി.അഞ്ച് പേജുള്ള രാജിക്കത്തിൽ രാഹുൽ ഗാന്ധിയെ ഗൗരവമില്ലാത്ത നേതാവെന്നാണ് ആസാദ് പരാമർശിച്ചത്. അതേ സമയം, എംഎ ഖാനും സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
രാഹുൽ ഗാന്ധി പാർട്ടിയുടെ ഉപാധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം മാത്രമാണ് കോൺഗ്രസിന് കഷ്ടപ്പാടുകൾ ഉണ്ടായതെന്ന് ഖാനെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് തലം മുതൽ ബൂത്ത് തലം വരെ അവരുടെ ചിന്താ രീതികൾ വ്യത്യസ്തമാണ്. നാളിതുവരെ ഒന്നിനോടും പൊരുത്തപ്പെടുന്നില്ല.
പതിറ്റാണ്ടുകളായി പാർട്ടിയെ ശക്തിപ്പെടുത്തിയ പാർട്ടിയിലെ പ്രമുഖരെല്ലാം ഇപ്പോൾ പാർട്ടി വിടുകയാണ്. മുതിർന്ന അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും രാഹുൽ ഗാന്ധിക്ക് അറിയില്ല. സാഹചര്യം കണക്കിലെടുത്ത് പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല.
ആസാദിന്റെ വിടവാങ്ങലിന് ശേഷം, മുൻ മുഖ്യമന്ത്രിയെ പിന്തുണച്ച് ജമ്മു കശ്മീരിലെ അഞ്ച് നേതാക്കളും വെള്ളിയാഴ്ച പാർട്ടി വിട്ടു.
അടിക്കടിയുള്ള രാജികൾ കാരണം രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ പ്രശ്‌നങ്ങൾ വർദ്ധിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വലിയ പോരാട്ടത്തിന് മുമ്പ് ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കുകയാണ്.