“തട്ടത്തിലും മക്കനയിലും സ്കൂളിലേക്ക് ലഹരി വസ്തുക്കൾ കൊണ്ടു വരും” എന്ന പ്രൊവിഡൻസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ അഭിപ്രായ പ്രകടനം മുസ്‌ലിം സ്‌ത്രീയെ പൈശാചികവൽക്കരിച്ചുകൊണ്ടുള്ള വംശീയ പ്രസ്താവനയാണെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്.
മുസ്‌ലിം സ്ത്രീയുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഹിജാബിനെ (തട്ടം, മക്കന) ഹീനകരമായ പ്രവൃത്തികൾക്ക് മറയായി ഉപയോഗിക്കുന്നു എന്ന പ്രസ്‌താവന, കർണാടകയിലെ ഹിജാബ് വിഷയത്തിൽ സംഭവിച്ചത് പോലെ മുസ്‌ലിം വിദ്യാർഥിനികളുടെ സാമൂഹ്യ ബഹിഷ്കരണത്തിലേക്ക് വഴിയൊരുക്കുന്ന അപകടകരമായ പ്രസ്താവനയാണ്.
ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടത്തുകയും ഹിജാബിനെ ഭീകരമായി ചിത്രീകരിക്കുകയും ചെയ്യുന്നതടക്കമുള്ള ഇസ്ലാമോഫോബിയ പരത്തുന്ന നടപടികളെ ഒരു വിധേനയും വെച്ച് പൊറുപ്പിക്കാൻ സാധ്യമല്ല. ഹിജാബ് നിരോധനവും മുസ്ലിം വിരുദ്ധ വംശീയ പ്രസ്താവനയും പിൻവലിച്ച് മാപ്പ് പറയാനും രാജി വെക്കാനും പ്രൊവിഡൻസ് മാനേജ്മെൻ്റും പി.ടി.എ പ്രസിഡൻ്റും തയ്യാറാവാത്ത പക്ഷം സമര-നിയമ പോരാട്ടങ്ങളെ നേരിടേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.