തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിൽ ഉദ്വേഗം പകർന്നുകൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തിങ്കളാഴ്ച യോജിച്ച് പ്രവർത്തനം തുടങ്ങും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലവിലെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അദ്ദേഹത്തിന് വിരമിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് സൂചന.
സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. ഇന്നലെയാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ക്ക് അറിയിപ്പ് ലഭിച്ചത്. പലർക്കും വ്യക്തമായ അജണ്ടയെക്കുറിച്ച് അറിവില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.
ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിർദേശപ്രകാരം അടിയന്തരമായി നേതൃയോഗം വിളിച്ചതാണെന്നാണ് വിവരം. നിയമസഭയിൽ ബിൽ അന്തിമമായി പാസാകുന്നതിനു മുൻപായി ഭേദഗതിക്ക് പാർട്ടിയുടെ പൊതുഅംഗീകാരം വാങ്ങുകയാണ് ഉചിതമെന്ന് നേതാക്കളിൽ ചിലർ പറഞ്ഞു.
ഗവർണറുമായുള്ള ഉരസൽ ശക്തി പ്രാപിക്കുന്ന അന്തരീക്ഷവും യോഗം വിളിച്ചതിനു പിന്നിലുണ്ട്. അനുനയം അസാധ്യമാക്കുന്ന തരത്തിലേക്ക് ഉരസൽ മാറുന്നതിനാൽ ഇനിയുള്ള നടപടികൾ കൂട്ടായി ആലോചിക്കാനാണു നീക്കം. നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ചയ്ക്കു വരും.
ഓഗസ്റ്റ് 8 മുതൽ 12 വരെ നടന്ന 5 ദിവസത്തെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സാധാരണ മൂന്ന് മാസത്തിലൊരിക്കലാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.