കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡൻസ് സ്കൂൾ പി. ടി. എ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം പിൻവലിച്ചു മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രൊവിഡൻസ് സ്കൂൾ മാർച്ചിൽ പ്രതിഷേധമിരമ്പി.
മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും അത് പൊതു സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സ്കൂൾ നടപടിയെ ന്യായീകരിക്കാൻ പി. ടി. എ കമ്മിറ്റി നടത്തിയ പ്രസ്താവന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും വിദ്യാർത്ഥികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണ്. ഇത്തരം സംഘപരിവാർ അജണ്ടകൾ ഒളിച്ച്കടത്താനുള്ള എല്ലാ ശ്രമങ്ങളെയും പൊതു സമൂഹം പരാജയപ്പെടുത്താണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആർ.എസ് പറഞ്ഞു.
ഭരണകൂടം ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് സ്കൂൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇത് തെരുവിൽ ചോദ്യം ചെയ്യുമെന്നും പരിപാടിയിൽ സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തശ്രീഫ് കെ. പി പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. ഡൽഹി യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി ഹനാൻ ചാത്തമംഗലം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, തബ്ഷീറ സുഹൈൽ എന്നിവർ സംസാരിച്ചു.
മാവൂർ റോഡിൽ നിന്നും ആരംഭിച്ച മാർച്ച് സ്കൂൾ പരിസരത്തു പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.