ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 4 ഞായറാഴ്ച വി. പത്താം പീയൂസ്.പാപ്പയുടെ തിരുനാൾ ആഘോഷവും ഇടവകയുടെ പതിനാറാം വാർഷികവും ഇടവക ദിനമായി ആഘോഷിക്കുന്നു. ഞായറാഴ്ച രാവിലെ 9:45 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ആഘോഷമായ സ്വീകരണം നൽകുന്നതും തുടർന്ന് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ തോമസ് മുളവനാളിന്റെയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിൻെറയും സഹ കാർമ്മികത്വത്തിലും വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വി. ബലി അർപ്പണത്തിനുശേഷം ഒക്ടോബർ 1 ന് വിരമിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഈ ഇടവകക്കും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിനും ചെയ്ത അകമഴിഞ്ഞ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ട് പൊതുസമ്മേളനം ഉണ്ടായിരിക്കും. ഇതേ തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ജെയ്‌മോൻ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങളാണ് തിരുനാളിന്റെ പ്രസുദേന്ദിമാർ.എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സാബു മുത്തോലം, സുജ ഇത്തിത്തറ, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകുന്നത്.