കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത. കോഴിക്കോട് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. റോയ് തോമസ്, സിസിലി വധക്കേസുകളിൽ കോടതി വാദം തുടങ്ങി. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും.
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയാണ്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
2011ൽ സയനൈഡ് കഴിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. വടകര എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ആറ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതക കേസുകളിലും കുറ്റപത്രം സമർപ്പിച്ചു.