എറണാകുളം: കെഎസ്ആർടിസിക്ക് 103 കോടി രൂപ സർക്കാർ സഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി. നാളെ (സെപ്തംബര്‍ 1) ഹൈക്കോടതി വീണ്ടും അപ്പീൽ പരിഗണിക്കും.
ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും നല്‍കാന്‍ ആകെ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് അപ്പീലിൽ സർക്കാരിന്‍റെ വാദം. വസ്‌തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും തങ്ങൾക്കില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു.
റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമപ്രകാരമാണ് കെഎസ്ആർടിസി സ്ഥാപിച്ചത്. മറ്റ് ബോർഡ്, കോർപ്പറേഷൻ ബോഡികൾക്ക് നൽകുന്ന പരിഗണന മാത്രമേ കെഎസ്ആർടിസിക്കും നൽകാൻ കഴിയൂ. ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.