ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുടെ എക്സൈസ് നയം തുറന്നു കാട്ടി പ്രതിപക്ഷം. ബുധനാഴ്ച ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും മറ്റ് പ്രതിപക്ഷ നേതാക്കളും പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കാണുകയും എക്സൈസ് നയത്തിനെതിരെ മെമ്മോറാണ്ടം നൽകുകയും ചെയ്തു.
ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ 500 കോടിയുടെ അഴിമതിയാണ് ആം ആദ്മി പാര്‍ട്ടി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡൽഹിയിലെ എക്സൈസ് നയത്തിന് കീഴിൽ എഎപി സർക്കാർ നടത്തിയ 500 കോടിയുടെ അഴിമതിയിൽ സിബിഐയും ഇഡിയും അന്വേഷിക്കാൻ ഉത്തരവിടണമെന്ന് സുഖ്ബീർ സിംഗ് ബാദൽ ഒരു ട്വീറ്റിൽ എഴുതി.
മാർച്ചിൽ തന്നെ സംസ്ഥാനത്ത് വന്ന ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ഈ ആരോപണങ്ങൾ എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. മാർച്ചിൽ ചരിത്രവിജയത്തോടെ ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആം ആദ്മി പാർട്ടി (എഎപി) ആദ്യമായി സർക്കാർ രൂപീകരിച്ചു. എഎപി സർക്കാരിന്റെ എക്സൈസ് നയം ഡൽഹിയിൽ നിരീക്ഷണത്തിലിരിക്കെയാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. മാത്രമല്ല, നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. സംഭവത്തിൽ ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.