കൊച്ചി: ഇടമലയാർ തുറക്കുകയും മഴ കനക്കുകയും ചെയ്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ രാവിലെ പൂജകൾ തടസ്സപ്പെട്ടു.
പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ അളവും വർധിച്ചിട്ടുണ്ട്. ചെളിയുടെ അളവ് 70 NTU ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്റിന് സമീപം 2.3 മീറ്ററോളം ജലനിരപ്പ് ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച ഇത് 80 സെന്റീമീറ്റർ മാത്രമായിരുന്നു.
റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.