കണ്ണൂർ: ഗോപിക ഗോവിന്ദിന് വെറും 12 വയസ്സുള്ളപ്പോഴാണ് എയർഹോസ്റ്റസ് ആവുക എന്ന സ്വപ്നം മുള പൊട്ടിയത്. എന്നാല്‍, കണ്ണൂരിലെ പട്ടികവർഗ്ഗ (എസ്‌ടി) വിഭാഗമായ കരിമ്പാല സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു സ്വപ്നം ചിന്തിക്കുന്നതിലപ്പുറമാണ്.
എങ്കിലും ഗോപിക അതിനായി പരിശ്രമിച്ചു. ഇപ്പോള്‍, 12 വർഷത്തിന് ശേഷം, ആലക്കോട് അടുത്തുള്ള കാവുങ്കുടി എസ്ടി കോളനിയിലെ 24 കാരി എയർ ഹോസ്റ്റസായി വിമാനത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ പട്ടികവർഗ വനിതയായി. ഉടൻ തന്നെ എയർ ഇന്ത്യ എക്സ്പ്രസിൽ ചേരും. “എന്റെ വീടിനു മുകളിൽ ഒരു വിമാനം പറക്കുന്നത് കണ്ടതും അതിൽ ഇരിക്കാൻ ആഗ്രഹിച്ചതും ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോഴും ഒരു വിമാനത്തിന് അടുത്തേക്ക് പോകുമ്പോൾ എനിക്ക് ആവേശം തോന്നാറുണ്ട്,” ഗോപിക പറഞ്ഞു.
പി ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയ്ക്ക് മിക്ക ആദിവാസി പെണ്‍കുട്ടികളേയും പോലെ താരതമ്യേന നിറമില്ലാത്ത ബാല്യവും കൗമാരവും ആയിരുന്നു. “ആകാശത്തെ തൊടുക, ഒരു എയർ ഹോസ്റ്റസ് ആവുക എന്ന എന്റെ സ്വപ്നം ഞാൻ വളർത്തിയെടുത്തു, പക്ഷേ ആരോടും പറഞ്ഞിട്ടില്ല. എന്റെ മാതാപിതാക്കൾക്ക് പോലും അറിയില്ല, ” ഗോപിക പറഞ്ഞു.
“കോഴ്സിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാ പ്രതീക്ഷയും ഉപേക്ഷിക്കാനാണ് തോന്നിയത്. അത് വളരെ ചെലവേറിയതായിരുന്നു. എന്റെ കുടുംബത്തിന് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു,” ഗോപിക പറഞ്ഞു. അപ്പോഴാണ് പട്ടികവർഗ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പദ്ധതിയുടെ വിവരം അറിഞ്ഞത്. വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിയിൽ IATA കസ്റ്റമർ സർവീസ് കെയറിൽ ഡിപ്ലോമ എടുക്കാനുള്ള ഓഫർ ഗോപിക അന്വേഷിച്ചു. അന്ന് കണ്ണൂർ എസ്എൻ കോളേജിൽ എംഎസ്‌സി കെമിസ്ട്രിക്ക് പഠിക്കുകയായിരുന്നു.
“ഇത്തരം പദ്ധതികൾ നിലവിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സംസ്ഥാന സർക്കാർ എന്റെ കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപ നൽകി. എനിക്ക് ഒന്നും നൽകേണ്ടി വന്നില്ല,” ഗോപിക പറഞ്ഞു. തന്റെ വിജയത്തിന് സർക്കാരിനെയും അക്കാദമിയിലെ ഫാക്കൽറ്റിയെയും ഗോപിക അഭിനന്ദിച്ചു.
സർക്കാർ പദ്ധതിയിൽ പഠിച്ച പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബുധനാഴ്ച നിയമസഭയിൽ നടന്നു. പരിപാടിക്ക് ശേഷം എയർ ഇന്ത്യയുമായുള്ള പരിശീലനം പൂർത്തിയാക്കാൻ ഗോപിക മുംബൈയിലേക്ക് പറന്നു.
“കൂടുതൽ നേട്ടങ്ങൾ ഞാൻ ഇപ്പോഴും സ്വപ്നം കാണുന്നു. എന്നാല്‍, അവ നേടുന്നതുവരെ ഞാൻ അവ വെളിപ്പെടുത്തില്ല,” ഗോപിക പറഞ്ഞു.
കണ്ണൂരിലെ തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലാണ് കരിമ്പാല സമുദായാംഗങ്ങൾ കൂടുതലും താമസിക്കുന്നത്. പണിയ, ഇരുളർ സമുദായങ്ങളെ അപേക്ഷിച്ച് കരിമ്പാലയിൽ അംഗങ്ങൾ കുറവാണ്.