തിരുവനന്തപുരം: കേരളത്തില്‍ ഷവര്‍മ്മ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബ്ബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും വിൽപ്പന നടത്തരുതെന്നും ഉത്തരവിൽ പറയുന്നു.
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി നിരവധി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. അസംസ്കൃത വസ്തുക്കളുടെ ശുചിത്വവും ഗുണനിലവാരവും ഷവർമയും മയോണൈസും തയ്യാറാക്കുന്നതിനുള്ള പാചക താപനിലയും ഓരോ ഘട്ടത്തിലും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിലെ നിബന്ധനകള്‍:
• ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുളള വിതരണക്കാരില്‍ നിന്ന് മാത്രമേ അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങാവൂ.
• ബ്രെഡ്/കുബ്ബൂസ് എന്നിവയ്ക്ക് വിപണന കാലാവധി രേഖപ്പെടുത്തുന്ന ലേബല്‍ ഉണ്ടാവണം.
• മാംസത്തിനും വാങ്ങിയ തീയതി രേഖപ്പെടുത്തിയ ലേബല്‍ വേണം.
• പാകമാകാന്‍ ആവശ്യമായ അവസാന താപനിലയില്‍ എത്തും വരെ തുടര്‍ച്ചയായി വേവിക്കണം.
• അരിഞ്ഞ മാംസം വീണ്ടും എല്ലാ ഭാഗങ്ങളും വേവുന്നതുവരെ തുടര്‍ച്ചയായി വേവിക്കണം – ബീഫ് 30 മിനിട്ടും ചിക്കന്‍ 15 മിനിട്ടും.
• വെന്ത മാംസം ഷവര്‍മയ്ക്കായി തയ്യാറാക്കുമ്പോള്‍ ചിക്കന്‍/ബീഫ് 15 സെക്കന്‍ഡ് നേരം തുടര്‍ച്ചയായി 71 ഡിഗ്രി സെല്‍ഷ്യസില്‍ വീണ്ടും വേവിക്കണം.
• തയ്യാറാക്കിയ മയണൈസ് സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറലധികം സൂക്ഷിക്കാന്‍ പാടില്ല.