ന്യൂയോർക്ക്: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ വരവേൽക്കാനൊരുങ്ങി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം. പരിശുദ്ധ ബാവാ തിരുമേനിക്ക് ഈ ഭദ്രാസനവുമായി സുദീർഘമായ ബന്ധങ്ങളുണ്ടെന്നതും സ്വീകരണത്തെ സ്വീകാര്യമാക്കുന്നു.
പത്തു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായി കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെൻറ് മേരീസ് പള്ളി കൂദാശ തുടങ്ങിയ പരിപാടികൾ ബാവായുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഭദ്രാസന നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും പരിശുദ്ധ ബാവ തന്റെ സന്ദർശനത്തിനിടയിൽ ആശീർവദിക്കുന്നതാണ്.
സന്ദർശന പരിപാടി :
സെപ്റ്റംബർ 22 – വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 ന് കാതോലിക്കാ ബാവ ന്യൂയോർക്കിലെ J F K ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തിച്ചേരും.
23 – വെള്ളിയാഴ്ച 4 .30 ന് സെന്റ് വ്ലാഡിമേഴ്‌സ് സെമിനാരിയുടെ കോൺവൊക്കേഷനിൽ പങ്കെടുക്കുന്നു.
24 – ശനിയാഴ്ച്ച രാവിലെ 7 ന് കനക ജൂബിലി ആഘോഷിക്കുന്ന ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസിൽ വി. കുർബാന അർപ്പിക്കും . 3.30 മുതൽ 8 മണി വരെ ബ്രോങ്ക്സ് സെന്റ് മേരീസിൽ സ്വീകരണത്തിലും സന്ധ്യാ നമസ്കാരത്തിലും പങ്കെടുക്കും .
25 – ഞായറാഴ്ച 8 മണി മുതൽ 3.30 വരെ ബ്രോങ്ക്സ് സെന്റ് മേരീസിൽ വി. കുർബാനയിലും ജൂബിലിയുടെ അനുബന്ധ പരിപാടികളിലും പങ്കെടുക്കും .
4 മണിക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളും ചേർന്ന് ലെവി ടൗൺ സെന്റ് തോമസ് പള്ളിയിൽ വച്ച് പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിക്കും. സന്ധ്യാ നമസ്കാരത്തിന് ശേഷം കാതോലിക്കേറ്റ് ദിന സമാഹാരം ഇടവക മെത്രാപ്പോലീത്ത കൈമാറും . തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വിവിധ സഭാ തലവന്മാർ പങ്കെടുക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ എത്തിച്ചേരണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത അറിയിക്കുന്നു.
26 – തിങ്കളാഴ്ച 5 മണിക്ക് വിവിധ ആധ്യാല്മിക സംഘടനാ നേതാക്കൾക്കൊപ്പം മീറ്റിംഗ് .
27- ചൊവ്വാഴ്ച്ച 11 .30 മുതൽ 2 മണി വരെ അമേരിക്കയിലെ ഇതര സഭാ തലവന്മാരുമായുള്ള വിരുന്നിൽ പങ്കെടുക്കും. 6.30 നുള്ള അത്താഴ വിരുന്നിൽ കൗൺസിൽ അംഗങ്ങളും മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും .
28- ബുധനാഴ്ച്ച 3 മുതൽ 5 വരെ സെന്റ് ടിക്കോൺ സെമിനാരി സന്ദർശനം . ബുധൻ , വ്യാഴം ദിവസങ്ങളിൽ ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുന്ന ഭദ്രാസന വൈദിക ധ്യാനത്തിലും സമ്മേളനത്തിലും നേതൃത്വം നൽകും.
29 -വ്യാഴാഴ്ച സെന്റ് തോമസ് (UNRUE AVE) ഫിലഡൽഫിയയിൽ സന്ധ്യാ നമസ്കാരം.
30- വെള്ളിയാഴ്ച്ച 12 ന് ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വിർച്വൽ മീറ്റിങ്ങിൽ സന്ദേശം നൽകും. 4 മണിക്ക് സെന്റ് മേരീസ് ( WELSH ROAD) ഫിലഡൽഫിയയിലെ കൂദാശയുടെ ഒന്നാം ഘട്ടം നിർവഹിക്കും.
ഒക്ടോബർ 1- ശനിയാഴ്ച്ച സെന്റ് മേരീസ് ഫിലഡൽഫിയ കൂദാശ-രണ്ടാം ഭാഗം പൂർത്തീകരിക്കും . വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്കാരം , മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ നടത്തും .
ഒക്ടോബർ 2 – ഞായറാഴ്ച്ച യോങ്കേഴ്‌സ് സെന്റ് തോമസിൽ 50-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് ഇന്ത്യയിലേക്ക് യാത്രയാകും.
ഭദ്രാസന മെത്രാപ്പോലിത്ത സഖറിയ മാർ നിക്കളാവോസിന്റെ നേതൃത്വത്തിലുള്ള ഭദ്രാസന കൗൺസിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഡോ. വർഗീസ് എം ഡാനിയേൽ – E-mail: dsfrvmd@gmail.com