ന്യൂയോർക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാതിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബറിന് ശേഷമാണ് ഈ ദശാബ്ദത്തിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ റാലി ആയ “ഭാരത് ജോഡോ യാത്ര” ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നടത്താൻ തീരുമാനിച്ചത്. ഭാരതത്തിന്റെ തെക്ക് മുതൽ വടക്കുവരെ 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിക്കുക.
കുതിര കച്ചവടങ്ങളിലൂടെ കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുകയും അക്രമ രാഷ്ട്രീയത്തിലൂടെ രാജ്യമൊട്ടുക്കും രാഷ്ട്രീയ അരാജകത്വം ശ്രിഷ്ടിക്കുന്ന ബി.ജെ.പിയുടെ അരാഷ്ട്രീയ കപട മുഖം മൂടി തുറന്നുകാട്ടുവാനുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റാലിക്ക് എല്ലാ പിന്തുണയും ആശംസയും നേരുകയാണെന്ന് ഐ.ഒ.സി-യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അറിയിച്ചു.
ഭരണഘടനയുടെ നിലനില്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള അരാജകത്വമാണ് ഇപ്പോൾ രാജ്യത്ത് അരങ്ങേറുന്നത്. ഗുജറാത്തിൽ നിന്നുള്ള പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ പൊതു മേഖലാ സ്ഥാപങ്ങൾ വിറ്റഴിക്കുമ്പോൾ അവ ഓരോന്നായി വാങ്ങിക്കൂട്ടന്നത് ഗുജറാത്തുകാരായ അംബാനി-അദാനിമാരാണെന്നും ലീല മാരേട്ട് കുറ്റപ്പെടുത്തി. വൈകാതെ രാജ്യം മുഴുവൻ അവർ അംബാനി-അദാനിമാർക്ക് തീറെഴുതിക്കൊടുക്കും. ഇത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ സഹചര്യത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യമാണെന്ന ബോധവൽക്കരണം ഈ റാലിയിലൂടെ സാധ്യമാകുമെന്ന് ഐ.ഒ. സി -യൂ.എസ്.എ – കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സതീശൻ നായർ പ്രത്യാശ പ്രകടിപ്പിച്ചു.