രജൗരി: നൗഷേരയിലെ എൽഒസിയിൽ വച്ച് ഓഗസ്റ്റ് 21 ന് ഇന്ത്യൻ സൈന്യം പിടികൂടിയ പാക്കിസ്താനില്‍ നിന്നുള്ള ഫിദായീൻ ചാവേർ ആക്രമണകാരി തബാറക് ഹുസൈൻ ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
രജൗരിയിലെ നൗഷേരയിൽ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈനെ ഇന്ത്യൻ സൈന്യം പിടികൂടിയതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ ഭീകരൻ, പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമവാസിയായ തബാറക് ഹുസൈൻ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹുസൈൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയിലായിരുന്ന ഇയാളുടെ കാലിലും തോളിലും വെടിയുണ്ടകൾ ഏറ്റിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈനികർക്ക് നേരെ ‘ഫിദായീൻ’ ആക്രമണം നടത്താൻ പാക്കിസ്താന്‍ കേണൽ യൂനുസ് ചൗധരി പണം നൽകിയിരുന്നതായി ഹുസൈൻ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ പറഞ്ഞിരുന്നു. കൂട്ടാളികൾ രക്ഷപ്പെട്ടപ്പോൾ ഹുസൈന് വെടിയേറ്റു.
“ഞങ്ങൾ നാലഞ്ചു പേരായിരുന്നു. ഞങ്ങൾ മരിക്കാൻ വന്നതായിരുന്നു. പാക് സൈന്യത്തിന്റെ കേണൽ ചൗധരി യൂനുസാണ് ഞങ്ങളെ അയച്ചത്. ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കാൻ അദ്ദേഹം ഞങ്ങൾക്ക് പണം നൽകി,” ചോദ്യങ്ങൾക്ക് മറുപടിയായി ഹുസൈൻ പറഞ്ഞു. സംഘത്തിന്റെ പക്കൽ നാലോ അഞ്ചോ തോക്കുകൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
“ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. 2016ൽ ഞാൻ വന്നിരുന്നു. അന്ന് ആക്രമിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ ഓടിപ്പോയി… ഒരു വെടിയുണ്ട ഏറ്റപ്പോൾ ഇന്ത്യൻ സൈന്യം എന്നെ രക്ഷിച്ചു,” ഹുസൈന്‍ കൂട്ടിച്ചേർത്തു.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഹാൻഡ്‌ലർക്ക് പോലീസ് സ്ഥാപനങ്ങളെയും സുരക്ഷാ സേനയെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകിയതിന് ശനിയാഴ്ച ജമ്മു കശ്മീർ പോലീസ് ഒരു “ഏജന്റിനെ” അറസ്റ്റ് ചെയ്തു.
കിഷ്ത്വാർ പോലീസ്, 11 രാഷ്ട്രീയ റൈഫിൾസ് (ആർആർ), മിലിട്ടറി ഇന്റലിജൻസ് (എംഐ) എന്നിവർ സംയുക്തമായി നൽകിയ വിവരത്തെ തുടർന്നാണ് ചെർഗി ഡൂളിലെ അബ്ദുൾ വാഹിദ് എന്ന് തിരിച്ചറിഞ്ഞ “ഏജന്റ്” അറസ്റ്റിലായത്.