തിരുവനന്തപുരം: മഗ്‌സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനായിരുന്നു ശ്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു രമൺ മാഗ്‌സസെ. അതുകൊണ്ടാണ് ഈ അവാർഡ് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കെകെ ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഷൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെകെ ശൈലജയെ പരിഗണിച്ചത്. എന്നാൽ, കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.