പ്രയാഗ്രാജ്: ആര്യസമാജം നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം വിവാഹത്തിന്റെ നിയമസാധുത തെളിയിക്കുന്നില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി ഈ നിരീക്ഷണം നടത്തിയത്. വ്യത്യസ്ത ആര്യസമാജം സൊസൈറ്റികൾ നൽകിയ വിവാഹ സർട്ടിഫിക്കറ്റുകൾ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലും വ്യത്യസ്ത നടപടികളിൽ ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രസ്തുത സ്ഥാപനം അവരുടെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചു.
ഈ കേസിൽ, ഹരജിക്കാരന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഭോല സിംഗ് എന്നയാൾ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. അവർ നിയമപരമായി വിവാഹിതരാണെന്ന് തെളിയിക്കാൻ, ഹരജിക്കാരുടെ അഭിഭാഷകൻ ആര്യസമാജ് മന്ദിർ, ഗാസിയാബാദ് നൽകിയ സർട്ടിഫിക്കറ്റ് നല്കി. എന്നാല്‍, വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ, ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം കക്ഷികൾ വിവാഹിതരായതായി എന്ന് കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.