ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ ഒരു വനിതാ സബ് ഇൻസ്‌പെക്ടർ അമ്മയുടെയും മറ്റൊരു പോലീസുകാരന്റെയും മുന്നിൽ വെച്ച് ഭര്‍തൃപിതാവിനെ ആവർത്തിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടര്‍ന്ന് വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
വീഡിയോയിൽ, സബ് ഇൻസ്‌പെക്ടറും അവരുടെ അമ്മയും ഭര്‍തൃപിതാവുമായി ചില വാക്കു തർക്കങ്ങൾ നടത്തുന്നതും തുടർന്ന് പോലീസുകാരി വൃദ്ധനെ മർദ്ദിക്കാൻ തുടങ്ങുന്നതും കാണാം. ഇരയെ അവരുടെ അമ്മ മർദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ വൃദ്ധനെ രക്ഷിക്കാൻ വരുന്നു.
ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. “ലക്ഷ്മി നഗർ വീഡിയോ വൈറലായ സംഭവത്തിൽ, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 427 എന്നിവ പ്രകാരം നടപടി സ്വീകരിച്ചതായി ലക്ഷ്മി നഗര്‍ പോലീസ് പറഞ്ഞു.
“CrPC യുടെ 107/150 വകുപ്പുകൾ പ്രകാരമുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ഉചിതമായ വകുപ്പുതല/അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അച്ചടക്ക അതോറിറ്റിയുമായി വിവരങ്ങൾ പങ്കുവെച്ചു,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) പ്രിയങ്ക കശ്യപ് പറഞ്ഞു.
സൗത്ത് ഡല്‍ഹിയിലെ ഡിഫൻസ് കോളനി പോലീസ് സ്‌റ്റേഷനിൽ നിയമിതയായ വനിതാ സബ് ഇൻസ്‌പെക്ടറും ഭര്‍ത്താവുമായി വിവാഹ തർക്കത്തിലാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും, സൗത്ത് ജില്ലാ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
#WATCH | Case registered under section 323/427 IPC after a video of Sub-Inspector thrashing her in-laws in Delhi's Laxmi Nagar went viral. Info shared with concerned authority to take suitable departmental action against the erring police official: Delhi Police
(CCTV Visuals) pic.twitter.com/VUiyjVtZQl
— ANI (@ANI) September 5, 2022