പാലക്കാട്: അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടന്നതിന് ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം. സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശിനി സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. ചാലിശേരിക്ക് സമീപം പെരുമണ്ണൂർ വട്ടത്താണിയിലാണ് യുവതി ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ചാലിശേരിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന സാന്ദ്രയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം മനസ്സിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്താതെ ഓടിച്ചുപോയതാണ് സാന്ദ്രയെ പ്രകോപിപ്പിച്ചത്. ബസ് ഡ്രൈവർ എതിരെ വന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടത്. ഒന്നര കിലോമീറ്ററോളം ബസിനെ പിന്തുടർന്ന ശേഷം ചാലിശേരി മെയിന്‍ റോഡ് സെന്ററില്‍ സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി.
പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസ് പാലക്കാട് നിന്നും ഗുരുവായൂരിലക്ക് പോകുന്നതിനിടയിലാണ് യുവതിയുടെ പ്രതിഷേധം. തുടർന്ന് യുവതി ജീവനക്കാരോട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇതിന് മുമ്പും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.
അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നാണ് സാന്ദ്ര പറഞ്ഞത്. ബസ് തടഞ്ഞ് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്കൂട്ടർ യാത്രക്കാരിയെ മരണ ഓട്ടം നടത്തി അപായപ്പെടുത്താൻ ശ്രമിച്ച ബസിനെതിരെ പാലക്കാട് ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയെ ചുമതലപ്പെടുത്തി. സംഭവത്തിൽ രാജപ്രഭ ബസ് ജീവനക്കാർക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.