തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
സാംസ്കാരിക, അക്കാദമിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിന് സർവകലാശാല ചട്ടങ്ങളിൽ ഓണററി ഡോക്ടറേറ്റ് ബിരുദം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലറോടും, ഡിഗ്രിക്ക് അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോടും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നല്‍കുവാന്‍ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സര്‍വ്വകലാശാല ഇവര്‍ രണ്ടു പേര്‍ക്കും ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂര്‍വ്വം പരിഗണിച്ചത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ജാതിമത പ്രീണനത്തിന്റെ ഭാഗമായാണ് പ്രമേയം അവതരിപ്പിക്കുവാന്‍ അപ്രധാനിയായ ഒരു സിന്‍ഡിക്കേറ്റ് അംഗത്തിന് വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയത്. സര്‍വ്വകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിര്‍ത്തുവാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനം.
സംസ്ഥാനത്തെ സർവ്വകലാശാലകൾ ഇതിനകം ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം ഇരുവരും സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ നൽകിയ സംഭാവനകൾ വ്യക്തമാക്കാൻ കാലിക്കറ്റ് സർവകലാശാല തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജർ ഖാനും ആവശ്യപ്പെട്ടു.