പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് തൃക്കാക്കര നിന്നും ത്രിവിക്രമൻ എഴുതുന്നത്.
കഴിഞ്ഞ രണ്ടുമൂന്നു വര്ഷങ്ങളായി അങ്ങയെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല എന്നതായിരുന്നു വലിയ വിഷമം. ഈ വർഷമെങ്കിലും അങ്ങയെക്കണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കാമല്ലോ എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പെരുമഴ. പല മുന്നറീപ്പുകളും വന്നായിരുന്നു. അണക്കെട്ടുകൾ പലതും തുറക്കാൻ തുടങ്ങി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങളുടെ അണ്ഡകടാഹം കത്തിപ്പോയി! ഈ വർഷവും ഓണം കുളമാകുമോ എന്ന് എല്ലാവരും ഭയന്നു! ഏതായാലും പൊതുവെ വലിയ കുഴപ്പം ഉണ്ടായില്ല. പക്ഷെ എറണാകുളത്തു കാർക്ക് നല്ല പണികിട്ടി. അഴുക്കു ചാലുകൾ എല്ലാം അടഞ്ഞുപോയതിനാൽ മഴവെള്ളം കെട്ടിക്കിടന്നു റോഡുകളിൽ ബോട്ട് ഓടിക്കാൻ പറ്റിയ പരുവത്തിലായി! ഒട്ടേറെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി! വേണ്ടപ്പെട്ടവർ പരസ്പരം പഴി ചാരി; ഒടുവിൽ മഴക്കായി കുറ്റം! ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ കണ്ടുപിടിച്ചു! ഇനി മഴ നിർത്താൻ ഒരു ഉപാധി കണ്ടുപിടിക്കേണ്ടിവരുമെന്നാണ് എന്റെ ബലമായ സംശയം.
നാട്ടിൽ മുഴുവൻ പ്രശ്നങ്ങളാണ് എന്റെ തമ്പുരാനേ! ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ ആനവണ്ടി ജീവനക്കാർ കണ്ണീരൊഴുക്കി കരയുന്നു! ഇവിടത്തെ റോഡുകളും ഹൈവേ കളും കുഴിവന്നു കുണ്ടു പോലെ ആയിട്ട് റോഡ് കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു! പിന്നെ കോടതി ഇടപെട്ടതുകൊണ്ടു കുറെ കുഴികൾക്കു താൽക്കാലികമായി ശാപമോക്ഷം കിട്ടി! അടുത്ത പ്രശ്നം ഒരു ഒന്നൊന്നര പ്രശ്നമാണ് തമ്പുരാനേ. തെരുവ് നായ്ക്കളെക്കൊണ്ട് നമ്മുടെ “ഗോഡ്സ് ഓൺ” കൺട്രി “ഡോഗ്സ് ഓൺ” കൺട്രിയായി മാറി! പട്ടി നക്കാത്ത, ഒരു കടിയെങ്കിലും കിട്ടാത്ത ഒരു സാധാരണക്കാരനും ഇന്ന് നമ്മുടെ നാട്ടിലില്ല! അതും പോരാഞ്ഞിട്ട് പേപ്പട്ടി കടിച്ചു ഒരുപാട് മരണവും! വിഷബാധയ്ക്ക് കുത്തിവയ്പ്പ് എടുത്തവരിൽ നല്ലൊരു പങ്കു ആൾക്കാരും പേ പിടിച്ചു മരിക്കുന്ന ദാരുണമായ അവസ്ഥ! “കള്ളവുമില്ല, ചതിയുമില്ല…” എന്ന് പറഞ്ഞ അങ്ങയുടെ കാലം പോലെയല്ല, ഈ പേപ്പട്ടി വാക്സിനിൽ എന്തോ ഒരു കള്ളക്കളി മണക്കുന്നില്ലേ എന്നൊരു സംശയം!
രാവിലെ പത്രം തുറന്നു നോക്കിയാൽ തല കറങ്ങും; നിഷ്ടൂരമായ കൊലപാതകങ്ങളും പീഡനങ്ങളും മാത്രമേ വായിക്കാനുള്ളൂ. അതിനിടക്ക് ഭരണ പ്രതിപക്ഷ കക്ഷികളുടെ തമ്മിൽത്തല്ലും വടിവാൾ പ്രയോഗങ്ങളും വേറെ! യാക്കോബായ ഓർത്തഡോൿസ് പള്ളി വഴക്കു പണ്ടേ ഉള്ളതാണ്. ഇപ്പോളിതാ സീറോ മലബാർ ക്രിസ്ത്യാനികളും തുടങ്ങി അടി; അടിയെന്നുപറഞ്ഞാൽ പൊരിഞ്ഞ അടി! ബലിയർപ്പണം പുറകോട്ടു തിരിഞ്ഞു വേണമെന്ന് ഒരുകൂട്ടർ, മുമ്പോട്ടു തിരിഞ്ഞു മതിയെന്ന് മറ്റൊരു കൂട്ടർ! ഇതാണ് പ്രശ്നമായി പറയുന്നതെങ്കിലും പണ്ട് നടന്ന ഭൂമി കുംഭകോണങ്ങൾ ഒതുക്കാനുള്ള അടവാണ് ഇതെന്നാണ് പൊതുജനാഭിപ്രായം! ഈ സമയത്തു ക്രിസ്തു ദേവൻ യെരുശലേം ദേവാലയത്തിലെ ആ പഴയ ചാട്ടവാറുമായി ഒന്ന് വന്നു ഇവറ്റകളെയൊക്കെ ഒന്ന് പൂശിയിരുന്നെങ്കിൽ എന്ന് പാവം വിശ്വാസികൾ പ്രാര്ഥിച്ചുപോകുന്നതിൽ അവരെ കുറ്റം പറയാൻ പറ്റുമോ? 2018 ൽ വെള്ളം പൊങ്ങി മനുഷ്യരുടെ അണ്ണാക്കുവരെ കയറിയപ്പോൾ മൽസ്യബന്ധന തൊഴിലാളികൾ ദൈവങ്ങളായിരുന്നു. ഇപ്പോളിതാ അവരെല്ലാവരും സമരമുഖത്താണ്; ഉപജീവനം നഷ്ടപ്പെടുന്നതിന്റെ വേദനമൂലമുള്ള സമരം!
എന്റെ പൊന്നു തമ്പുരാനേ, അങ്ങ് ഭരിച്ചിരുന്ന നമ്മുടെ നാട് പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയമായിക്കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നതാകും ശരി! അതിനു ഉദാഹരമാണ് ഈയിടെ നടന്ന സംഭവം. കേരളത്തിൽ ഇപ്പോൾ പപ്പടമാണ് തരാം! കല്യാണ സദ്യക്ക് പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞു കൂട്ട തല്ലുണ്ടാക്കി പേര് കേട്ട ഒരു സംസ്ഥാനം ലോക ചരിത്രത്തിൽ നമ്മുടെ കേരളം മാത്രമായിരിക്കും!
ഇപ്പോൾ നമ്മുടെ നാട്ടിൽ ചെറുപ്പക്കാർ വളരെ കുറഞ്ഞുവരികയാണ്. അവരെല്ലാം ജോലി തേടി അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമൊക്കെ പോയി രക്ഷപെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രമേ ഉള്ളു. ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണല്ലോ. ഗൾഫിലൊക്കെ പോയി എരിവെയിലത്തു ജോലി ചെയ്യുന്ന മലയാളി മണ്ടൻമാർക്കറിയുമോ എന്നറിയില്ല, ഈ അതിഥി തൊഴിലാളികൾ നമ്മുടെ ആളുകളെ ഞെക്കിപ്പിഴിഞ്ഞു ഗൾഫ് ജോലിക്കാരേക്കാൾ രണ്ടിരട്ടി പണം മാസംതോറും അവരുടെ നാട്ടിലേക്കു അയക്കുന്നുണ്ട്! അവർ കേരളത്തിൽ ചിലവാക്കുന്നതോ, വെറും ഉരുളക്കിഴങ്ങും ആട്ടയും ഉള്ളിയും വാങ്ങാനുള്ള പണം മാത്രം! ഇങ്ങനെ പോയാൽ നമ്മുടെ നാട് പാപ്പരാകും, അതിഥികളുടെ നാട് സമ്പന്നവുമാകും തീർച്ച!
ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് തമ്പുരാനെ. ബാക്കിയെല്ലാം തമ്മിൽ കാണുമ്പോൾ പറയാം. അങ്ങ് ഏതായാലും തൃക്കാക്കരയിൽ വരാതിരിക്കില്ലല്ലോ. പിന്നെ ഒരു പ്രത്യേക കാര്യം, പോരുമ്പോൾ ഹിന്ദിയും ബംഗാളിയും നന്നായി വശമാക്കിക്കൊള്ളൂ . മാവേലി നാട്ടിൽ വരുമ്പോൾ പ്രയോജനപ്പെടും. പിന്നെ പറ്റുന്ന പക്ഷം, ഒരു “ഗം ബൂട്ടു” കൂടി ധരിച്ചാൽ പട്ടികടിയിൽ നിന്നും രക്ഷപെടാം.
മൂന്നു നാലു വർഷമായി അങ്ങയെ ഒന്ന് ദർശിച്ചിട്ട്. താമസിയാതെ അങ്ങയെ ദർശിക്കാം എന്ന പ്രത്യാശയിൽ നിറുത്തുന്നു.
സ്വന്തം പ്രജ, ത്രിവിക്രമൻ