മറ്റൊരു കാലത്തുമില്ലാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭ പിളര്‍പ്പിലേക്ക് എന്നുപോലുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാലങ്ങളായി പിന്‍തുടര്‍ന്ന ജനാഭിമുഖ കുര്‍ബ്ബാന മാറ്റിക്കൊണ്ട് ഏകീകൃത കുര്‍ബ്ബാനയായി ത്രോണോസഭിമുഖ കുര്‍ബ്ബാന വേണമെന്ന സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ തീരുമാനം എറണാകുളം അങ്കമാലി തൃശ്ശൂര്‍ തുടങ്ങിയ ചില രൂപതകളിലെ മെത്രാന്‍മാരും വൈദീകരും വിശ്വാസികളും എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എതിര്‍പ്പിനെതിരെ ശക്തമായ നടപടിയുമായി സിനഡ് രംഗത്ത് വന്നതോടെ അത് മറ്റൊരു തലത്തിലേക്ക് പോയിയെന്നു തന്നെ പറയാം. അതോടെ പള്ളിക്കകത്തു നടന്ന പ്രശ്നങ്ങള്‍ തെരുവില്‍ പോരായി മാറി. ഏകീകൃത കുര്‍ബാനയെന്ന തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് സിനഡും സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയും അവരോടൊപ്പം നില്‍ക്കുന്ന ചില രൂപതകളിലെ വൈദീകരും അല്മായരും നിലയുറപ്പിച്ചിരിക്കുകയാണ്. അതോടെ പ്രശ്ന പരിഹാരമെന്നത് ആര്‍ക്കും പ്രവചിക്കാനുമാകുന്നില്ല.
കൂനിന്‍മേല്‍ കുരുവെന്ന കണക്കിനാണ് സീറോ മലബാര്‍ സഭയിലെ ഈ പ്രതിസന്ധി. ഭൂമി വില്പനയും ഇടപാടും സംബന്ധിച്ചുള്ള കോലാഹലങ്ങള്‍ ഇപ്പോഴും സഭയില്‍ കെട്ടടങ്ങാതെ പൊട്ടലും ചീറ്റലുമായിട്ടുണ്ട്. മാത്രമല്ല അത് കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയുമാണ്. മെത്രാന്മാര്‍ തന്നെ രണ്ട് തട്ടിലായതോടെ പ്രതിസന്ധി രൂക്ഷമാകുകയും പ്രശ്ന പരിഹാരം സമാന്തര രേഖകള്‍ പോലെ നീണ്ടുപോകുകയുമാണ്.
സഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഈ വിഷയത്തില്‍ രൂപതകള്‍ എന്നും രണ്ട് തട്ടിലായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് തെക്കുള്ള രൂപതകള്‍ ജനാഭിമുഖ കുര്‍ബ്ബാനക്ക് എതിരാണെങ്കില്‍ അതിരൂപതയ്ക്ക് വടക്ക് പല രൂപതകളും ജനാഭിമുഖ കുര്‍ബാന വേണമെന്നുള്ളവരാണ്. സീറോ മലബാര്‍ സിനഡ് പല ആവര്‍ത്തി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഒരു തീരുമാനത്തിലെത്താതെ പോയിട്ടുമുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ പാറെക്കാട്ടിലിന്‍റെയും കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറയുടെയും ഭരണകാലത്തെല്ലാം ഈ വിഷയം ഉയര്‍ന്നുവന്നിട്ടുണ്ട്. അന്ന് അതാത് രൂപതയ്ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ സിനഡില്‍ ചില മെത്രാന്മാര്‍ ജനാഭിമുഖ കുര്‍ബാനക്കെതിരെ നിലകൊണ്ടതോടെ അത് വിവാദത്തിന്‍റെ തിരി കൊളുത്താന്‍ കാരണമായി. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭരണകാലത്ത് അത് ആളിക്കത്തിയെന്നു തന്നെ പറയാം.
സിനഡില്‍ വീണ്ടും അത് ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ടെങ്കിലും അതാത് രൂപതയ്ക്ക് തീരുമാനമെടുക്കാന്‍ ആ വിഷയം വിടുകയാണുണ്ടായത്. തല്‍ക്കാലത്തേക്ക് ആ പ്രശ്നം അവസാനിച്ചെങ്കിലും പല കാലങ്ങളിലും പിന്നീട് ഈ വിഷയം ചര്‍ച്ചയ്ക്ക് വിഷയമായി. സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് എന്നും ഒരു തലവേദനയായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ ഈ വിഷയം സഭയ്ക്കകത്തായിരുന്നു വിവാദമുണ്ടാക്കിയതെങ്കില്‍ ഇപ്പോള്‍ അത് സഭയ്ക്ക് പുറത്തേക്ക് പോകാന്‍ കാരണം സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ ഏകീകൃത കുര്‍ബ്ബാന വേണമെന്ന ശക്തമായ നിലപാടാണ്. ആ തീരുമാനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന തീരുമാനമാണ് സിനഡിന്‍റേത്.
കേരളത്തില്‍ കത്തോലിക്ക സഭയ്ക്ക് മൂന്ന് റീത്തുകളാണുള്ളത്. സീറോമലബാര്‍ സീറോ മലങ്കര സീറോ ലാറ്റിന്‍. പല വിഭാഗങ്ങള്‍ ഉണ്ടെങ്കിലും ഈ മൂന്ന് റീത്തിലെ വിശുദ്ധ കുര്‍ബ്ബാന രീതിയാണ് ഇന്ന് കേരളത്തിലുള്ളത്. സീറോ ലാറ്റിന്‍ രൂപതകളെല്ലാം വത്തിക്കാന്‍റെ മാതൃകയില്‍ ജനാഭിമുഖമാണെങ്കില്‍ സീറോ മലങ്കര റീത്ത് ത്രോണോസ്സഭിമുഖ കുര്‍ബ്ബാനയാണ് രീതിയാക്കി തുടരുന്നത്. എന്നാല്‍ സീറോമലബാറില്‍ രണ്ട് രീതിയിലും കുര്‍ബ്ബാന അര്‍പ്പിക്കുന്നുണ്ട്. തെക്കുള്ളവര്‍ക്കും വടക്കുള്ളവര്‍ക്കും രണ്ട് രീതിയിലാണെന്ന് പറയാം. ലാറ്റിന്‍ രൂപതയുടെ സാമിപ്യം കൂടുതലുള്ള പ്രദേശത്ത് രൂപതകളില്‍ ജനാഭിമുഖത്തിലാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ സുറിയാനി പാരമ്പര്യമുള്ളവര്‍ കൂടുതലുള്ള കോട്ടയം കാഞ്ഞിരപ്പള്ളി പാലാ തുടങ്ങിയ രൂപതകളും ചങ്ങനാശ്ശേരി അതിരൂപതയും ത്രോണോസ്സഭിമുഖ കുര്‍ബ്ബാനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവിടങ്ങളില്‍ നിന്ന് മലബാര്‍ ഭാഗത്തേക്ക് കുടിയേറിയവര്‍ക്കും ഈ കുര്‍ബ്ബാനയോടാണ് ആഭിമുഖ്യമേറെയും. സുറിയാനി പാരമ്പര്യം സ്വാധീനം ചെലുത്തിയതുകൊണ്ടാണോയെന്നത് ത്രോണോസ്സഭിമുഖ കുര്‍ബ്ബാനക്ക് അഭിമുഖമാകാന്‍ കാരണമെന്നത് വ്യക്തമല്ലെങ്കിലും ഒരു പരിധിവരെ ഉണ്ടെന്നു തന്നെ പറയാം. എന്നിരുന്നാലും സീറോ മലബാര്‍സഭയില്‍ രണ്ട് രീതിയിലുള്ള കുര്‍ബ്ബാനയുമുണ്ട്. എന്നാല്‍ അതിനി വേണ്ട എന്ന നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് സിനഡ്.
എന്നാല്‍, ഈ തീരുമാനം തങ്ങളെ അടിച്ചേല്‍പ്പിക്കുന്നുയെന്ന് ജനാഭിമുഖ കുര്‍ബ്ബാനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. സിനഡ് ഇങ്ങനെ ഒരു കര്‍ശന നിലപാടുമായി രംഗത്തു വരാന്‍ കാരണമെന്തെന്നത് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുമ്പോള്‍ സിനഡ് മൗനമവലംബിക്കുകയാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന രീതിയില്‍ നിന്ന് കാരണമില്ലാതെ എന്തിന് മാറണമെന്നാണ് ഇവരുടെ ചിന്താഗതി. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പ്പാപ്പ പോലും ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ തങ്ങള്‍ ചെയ്യുന്നതെങ്ങനെ തെറ്റാകും. അതിലെന്താണ് തെറ്റ് എന്നതാണ് ഇവരുടെ ചോദ്യം. അതിനൊരു വ്യക്തമായ മറുപടി ഇല്ലായെന്നത് ഈ തീരുമാനത്തിനു പിന്നില്‍ ആരുടെയോ പിടിവാശിയുണ്ടെന്നത് ഊഹിക്കാം.
ഈ പിടിവാശിക്കു പിന്നില്‍ ഒരു പ്രതികാര കഥയുണ്ടോ. അതിരൂപതയിലെ ഏറെ കോളിളക്കം സൃഷ്ടിച്ച ഭൂമിയിടപാടിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ. സഭാ നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് ശക്തമായ രീതിയില്‍ പ്രതിഷേധിക്കുകയും കോടതിയില്‍ വരെയെത്തിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പിനെപ്പോലും ചോദ്യം ചെയ്യുകയും ചെയ്ത അതിരൂപതയിലെ വൈദീകരുടെയും ചില മെത്രാന്മാരുടെയും നടപടിക്കുള്ള താക്കീതാണോ ഇതിനു കാരണം. എറണാകുളം അങ്കമാലി അതിഭദ്രാസനത്തിന്‍റെ കടിഞ്ഞാണ്‍ തെക്കു നിന്നുള്ളവരുടെ നിയന്ത്രണത്തിലായിയെന്ന തോന്നല്‍ ഈ അടുത്തകാലത്ത് അതിരൂപതയില്‍ ഉണ്ടായിട്ടുണ്ട്. ഭൂമിയിടപാടില്‍ തെക്കു നിന്നുള്ള മേര്‍ ആര്‍ച്ച് ബിഷപ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയത് സിനഡില്‍ ഭൂരിപക്ഷമുള്ള അതിരൂപതയ്ക്ക് തെക്കുള്ള മദ്ധ്യതിരുവിതാംകൂറും അതിനു ചുറ്റുമുള്ള പ്രദേശത്തു നിന്നുള്ള രൂപതകളിലെ മെത്രാന്മാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുയെന്ന് പറയപ്പെടുമ്പോള്‍ ഈ പിടിവാശി ആ തരത്തിലേക്കും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കാരണം ഏകീകൃത കുര്‍ബ്ബാന വേണമെന്നാവശ്യപ്പെട്ടവര്‍ ഏറെയും ഈ രൂപതകളിലെ മെത്രാന്മാരായിരുന്നു. സീറോ മലബാര്‍ സഭയില്‍ വിരമിച്ചവരും അല്ലാത്തവരുമായി അന്‍പത്തിയാറ് മെത്രാന്മാരുണ്ട്. ഇവരില്‍ ഏറെയും ഈപ്പറഞ്ഞ പ്രദേശങ്ങളിലെ രൂപതകളില്‍ നിന്നുള്ളവരാണ്. ആഗോള കത്തോലിക്ക സഭയില്‍ ഏറ്റവും കൂടുതല്‍ മെത്രാന്മാരും വൈദീകരുമുള്ള രൂപത പാല രൂപതയാണ്.
തെക്കു നിന്നുള്ള മെത്രാന്മാരുടെ നിയന്ത്രണത്തിലാണോ സീറോ മലബാര്‍ സഭ തങ്ങളുടെ രീതിയില്‍ സഭയിലെ ആരാധന പോയാല്‍ മതിയെന്ന് പിടിവാശി ഇതിനുണ്ടോ. എന്തായിരുന്നാലും അത് സഭയെ മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവിടെ വിട്ടുവീഴ്ചയ്ക്ക് ആര് തയ്യാറാകുമെന്നാണ് ജനം നോക്കുന്നത്. ഇരുകൂട്ടരുടെയും അഭിമാന പ്രശ്നമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് അതാരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഏകീകരണമെന്ന വാദത്തില്‍ സിനഡും ആഗോള കത്തോലിക്കാസഭയുടെ പാതയാണ് തങ്ങള്‍ പിന്‍തുടരുന്നതെന്ന് അതിനെ എതിര്‍ക്കുന്നവരുടെയും വാദമെങ്കില്‍ ന്യായം ആരുടെ ഭാഗത്തായാലും അത് പൊതുമദ്ധ്യത്തില്‍ സഭയെ അവഹേളിക്കുന്നുയെന്നതാണ് സത്യം.
അനുസരണം ബലിയേക്കാള്‍ വലുതെന്ന് നിമയം നടപ്പാക്കുന്നവരും ക്ഷമിക്കാനും സഹിക്കാനും വിട്ടുവീഴ്ചയുണ്ടാകുമെന്നും നിനക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ ബലി വസ്തുവച്ചിട്ട് അവനോട് പോയി ക്ഷണിച്ചിട്ട് വന്ന് ബലിയര്‍പ്പിക്കണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നതെന്നും എതിര്‍ കൂട്ടരും വാദിക്കുന്നു. ഈ മഹത്തായ വാക്കുകളൊന്നും അഭഇമാനത്തേക്കാള്‍ വലുതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ ആപ്തവാക്യങ്ങള്‍ക്ക് അഭിമാനത്തേക്കാള്‍ വലിയ പ്രാധാന്യമില്ല. വത്തിക്കാന്‍പോലും മാദ്ധ്യസ്ഥതയെടുത്താല്‍ വിലപ്പോകില്ലയെന്നതാണ് സത്യം. അതിനാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമായി സഭയില്‍ ഇത് ഉരുണ്ടു കൂടി നില്‍ക്കുന്നു.
നടപടിയുമായി സഭാനേതൃത്വം മുന്നോട്ടു പോയാല്‍ അത് അതിരൂപതയെ തന്നെ മുറിച്ചുമാറ്റപ്പെടും. കാരണം ഏകീകൃത കുര്‍ബ്ബാനയെ എതിര്‍ക്കുന്നവര്‍ ഭൂരിപക്ഷമാണ്. ഒരു സമവായം അതും പിടിവാശി മാറ്റിവച്ചുകൊണ്ട് ഇരുകൂട്ടര്‍ക്കും സാധിക്കുമോ. സഭയാണോ വലുത് സഭയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട മാമൂലുകളാണോ. അനുസരണമാണോ വലുത് ആത്മാഭിമാനമാണോ? ഇവിടെ വലിയൊരു ചോദ്യമുയരുന്നു. ആരില്‍ നിന്നാണ് ക്രിസ്തുവിനുവേണ്ടി ഞാന്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്ന വാക്കുയരുന്നത്. ആ ഒരു വാക്കില്‍ ഈ മഞ്ഞുമല ഉരുകി ഒന്നാകും. വിശുദ്ധ കുര്‍ബ്ബാന എന്നത് വിട്ടുവീഴ്ചക്കുശേഷമാണ്. എങ്കിലെ ആ ബലി പൂര്‍ണ്ണമാകൂ. പൂര്‍ണ്ണമായ ബലിയിലെ അര്‍പ്പണമുണ്ടാകൂ.