ന്യൂഡൽഹി: ബിജെപിയുടെ കേരള ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനെ ഏല്പിച്ചു. രാധാ മോഹൻ അഗർവാളാണ് കോ-ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ചുമതലയുള്ള ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയിലെ ബിജെപി യൂണിറ്റിന്റെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോന് നൽകി.
2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബി.ജെ.പിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍.
കോൺഗ്രസിനെ പരാജയപ്പെടുത്തിയ തെലങ്കാനയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ മുഖ്യ പ്രതിപക്ഷമാകാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിലെ അധികാര ഭിന്നത മുതലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.