ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 ബുധനാഴ്ച്ച ജർമ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഉത്ഘാടനം ചെയ്തു.
പതിനൊന്നാമത് അസംബ്ലിയാണ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ജർമ്മനിയിൽ വെച്ച് നടന്നത്. ഓരോ ആറും എട്ടും വർഷത്തിലൊരിക്കലാണ് ജനറൽ അസംബ്ലി കൂടാറുള്ളത്.
ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു എന്നതാണ് മുഖ്യ പ്രമേയം. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മറ്റ് മതങ്ങളിൽപ്പെട്ടവരുമായും ഇച്ഛാശക്തിയുള്ള എല്ലാവരുമായും ഇടതടവില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ എല്ലാ സഭകളോടുള്ള സമൂലമായ ആഹ്വാനമാണിത്.
മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്താ, കേന്ദ്ര കമ്മറ്റി അംഗം ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്, ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ്, ക്രിസ്ത്യൻ കോൺഫ്രറൻസ് ഓഫ് ഏഷ്യായുടെ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കര, മാർത്തോമ്മ വൈദീക സെമിനാരി അധ്യാപകൻ റവ.ഡോ .ജോസഫ് ഡാനിയേൽ, നാഷണൽ ക്രിസ്ത്യൻ കൗൺസിൽ ഓഫ് ഇന്ത്യായുടെ അസോസിയേറ്റ് സെക്രട്ടറി റവ.ഡോ.എബ്രഹാം മാത്യു, ഡോ.റോൺ ജേക്കബ്(യുഎസ്എ), സ്റ്റെഫി റെനി ഫിലിപ്പ് (യുകെ) കൂടാതെ എക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ഷാജീ എസ് രാമപുരം, നേറ്റിവ് അമേരിക്കൻ മിഷൻ കോർഡിനേറ്റേഴ്‌സ് ആയ ഒ.സി എബ്രഹാം, നിർമ്മല എബ്രഹാം, റവ.ജോൺസൺ എം.ജോൺ (സ്വിറ്റ്സർലൻഡ്) എന്നിവരും പങ്കെടുത്തു.
ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 4 ഞായറാഴ്ച്ച യൂറോപ്പിലെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന മാർത്തോമ്മക്കാർ ജർമ്മനിയിൽ ഒന്നിച്ച് കൂടി. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന ശുശ്രുഷ നടത്തി. ബിഷപ്പ്ന്മാരായ ഡോ. മാർ ഫിലക്സിനോസ്, ഡോ.മാർ പൗലോസ് എന്നിവർ സഹകാർമ്മികരായിരുന്നു.