ഹൂസ്റ്റൻ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ്) വൈവിധ്യമാര്ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്തംബർ 5 ന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 മുതൽ ഓണാഘോഷങ്ങൾ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു.
മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയർ റോബിൻ.ജെ.ഇലക്കാട്ട്, എല്ലാവർക്കും ഓണാശംസകൾ നേർന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കർണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദർ പോൾ പൂവത്തിങ്കൽ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിർമയേകി.
ടാഗ് ഫാമിലി അംഗങ്ങൾ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂർ ജില്ല കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ൽ പരം പേർ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി ഒരുക്കിയ അത്തപ്പൂക്കളം നയന മനോഹരകാഴ്ചയൊരുക്കി.
സ്നേഹമുള്ള നല്ല മനസ്സുള്ള കുടുംബങ്ങളുടെ കൂട്ടായമയാണ് തൃശൂർ അസോസിയേഷൻ, ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ എന്ന് പ്രസിഡണ്ട് സലീം അറക്കൽ അദ്ദേഹത്തിന്റ പ്രസംഗത്തിൽ ആശംസിച്ചു.
സെക്രട്ടറി രാജ് മൂത്തേഴത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സത്യ സതീഷ് ഓണാഘോഷം ചിട്ടയോടെ നടത്താൻ നേതൃത്വം നൽകി. എം സി. യായി ജയൻ അരവിന്ദാക്ഷൻ സ്റ്റേജ് പ്രോഗ്രാമുകളെ നിയന്ത്രിച്ചു.
ട്രഷറർ സാം സുരേന്ദ്രൻ , ജോ.സെക്രട്ടറി ജോസ് പെക്കാട്ടിൽ, ജോ.ട്രഷറർ ലിന്റോ ജോസ്, കമ്മിറ്റി അംഗംങ്ങൾ ഹരി നാരായണൻ, ജോഷി ചാലിശ്ശേരി, ക്രിസ്റ്റി പ്രിൻസ്, ജിതിൻ ജോൺസ്, അൻസിയ അറക്കൽ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഓണാഘോഷം വൻ വിജയമാക്കി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷം സമാപിച്ചു.