ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കേസിന്റെ വാദം കേൾക്കുന്നതിനിടെ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) സെപ്റ്റംബർ 20 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണയ്‌ക്കൊപ്പം കോടതിയിൽ നേരിട്ട് ഹാജരാകാൻ എടിസി ജഡ്ജി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരുന്നതനുസരിച്ച് അദ്ദേഹം രാവിലെ 11 മണിക്ക് വിചാരണ നേരിടാന്‍ എടിസിക്ക് മുമ്പാകെ ഹാജരായി.
കോടതി പരിസരത്ത് വെച്ച് അന്വേഷണം നടത്തുന്നതിൽ നിന്ന് പോലീസിനെ വിലക്കണമെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകനായ ബാബർ അവാൻ കോടതിയോട് അഭ്യർത്ഥിച്ചു.
ഇമ്രാൻ ഖാനെ ജുഡീഷ്യൽ കോംപ്ലക്‌സിൽ വെച്ച് പോലീസ് കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതും എന്തിനാണ്? സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജ റിസ്വാൻ അബ്ബാസിയെ ബാബർ അവാൻ ചോദ്യം ചെയ്തു.
മനഃപൂർവം നിയമനടപടികൾ തടസ്സപ്പെടുത്തുകയും തെളിവുകൾ മറയ്ക്കുകയും ചെയ്യുന്ന പോലീസിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പ്രോസിക്യൂഷന് മുന്നറിയിപ്പ് നൽകി.
ജഡ്ജി അഭിപ്രായത്തെ പിന്തുണച്ചെങ്കിലും, അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും അതിനാൽ ഇരുകക്ഷികളും സ്വന്തം നിലയിൽ ചോദ്യം ചെയ്യാനുള്ള സ്ഥലം ഭദ്രമാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെ, ഇമ്രാൻ ഖാനോട് നേരിട്ട് ഹാജരാകാൻ എടിസി ആവശ്യപ്പെട്ടു. അതേസമയം, കോടതി പരിസരത്ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥനെ അനുവദിക്കുകയും ചെയ്തു.
കേസിന്റെ വാദം കേൾക്കുന്നതിനിടെ, സെഷൻസ് കോടതി ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനോട് (ഐഒ) ഇമ്രാൻ ഖാൻ അന്വേഷണ നടപടികളിൽ പങ്കെടുത്തോ ഇല്ലയോ എന്ന് ചോദിച്ചതിന് മറുപടിയായി, പിടിഐ മേധാവി രേഖാമൂലമുള്ള പ്രസ്താവന മാത്രമാണ് സമർപ്പിച്ചതെന്ന് പറഞ്ഞു.
കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇമ്രാൻ ഖാന്റെ രേഖാമൂലമുള്ള പ്രതികരണം സമർപ്പിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, ദുരുദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ മനഃപൂർവം തടസ്സപ്പെടുത്തിയതിന് ജഡ്ജി ഐഒയെ ആക്ഷേപിച്ചു.
നടപടികളിൽ പങ്കെടുക്കാൻ ഇമ്രാൻ ഖാൻ രാവിലെ 11 മണിക്ക് എത്തുമെന്നും, ആവശ്യപ്പെട്ടാൽ ജുഡീഷ്യൽ കോംപ്ലക്‌സിലെ ബാർ റൂമിൽ മുൻ പ്രധാനമന്ത്രിയെ പോലീസിന് ചോദ്യം ചെയ്യാമെന്നും പ്രതിഭാഗം അഭിഭാഷകൻ ബാബർ അവാൻ കോടതിയെ അറിയിച്ചു.
പ്രതിഭാഗം അഭിഭാഷകന്റെ അഭിപ്രായം അംഗീകരിച്ച ജഡ്ജി, കോടതി പരിസരത്ത് അന്വേഷണം നടത്താൻ ഐഒയെ അനുവദിക്കുകയും വാദം കേൾക്കുന്നത് ഇന്ന് (തിങ്കൾ) രാവിലെ 11 വരെ മാറ്റിവയ്ക്കുകയും ചെയ്തു.
സെപ്തംബർ രണ്ടിന് പിടിഐ മേധാവി ഇമ്രാൻ ഖാന് സെപ്റ്റംബർ 12 വരെ എടിസി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ചീഫ് ഓഫ് സ്റ്റാഫ് ഷഹബാസ് ഗില്ലിന്റെ റിമാൻഡ് അംഗീകരിച്ച ജഡ്ജിയെ വെറുതെ വിടില്ലെന്ന് ഒരു പൊതു റാലിയിൽ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇമ്രാനെതിരെ ഭീകരവാദ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കേസിൽ ജാമ്യം തേടി ഇമ്രാൻ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, തീവ്രവാദ കേസുകൾ പ്രത്യേക കോടതി കൈകാര്യം ചെയ്യുന്നതിനാൽ തീവ്രവാദ വിരുദ്ധ കോടതിയെ സമീപിക്കാൻ കോടതി അദ്ദേഹത്തോട് പറഞ്ഞിരുന്നു.