പാലക്കാട്: ഓണാഘോഷത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവിച്ചു. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അട്ടപ്പാടിയിൽ എത്തിയതെന്നത് വ്യാജ പ്രചാരണമാണ്. അതിന് അടിസ്ഥാനമില്ല. ആദിവാസികൾക്ക് വേണ്ടിയുള്ള പരിപാടിയായതിനാലാണ് താൻ അട്ടപ്പാടിയിൽ എത്തിയതെന്നും രണ്ട് മാസം മുമ്പ് തന്നെ സംഘാടകർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു.
ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.
തിരുവനന്തപുരത്ത് വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. നടന്‍ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യാതിഥി.