മൈക്കെലാഞ്ജലോ ‘പിയ്റ്റ്’ കൊത്താന്‍ തയ്യാറായി. ഇത് തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരുവു തന്നെ. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു കല്ലിന്റെ സൌഭാഗ്യം! ജീവിതത്തില്‍ എല്ലാം ഇതുപോലെ തന്നെ. കൈയില്‍ പൊന്നിരിക്കുമ്പോള്‍ കാക്കപ്പൊന്നു തേടി പോകുന്നതാണ് ഏറെയും ശില്പികള്‍. കണ്ണു തുറക്കാനറിയാത്തവരും കരയാനറിയാത്തവരും ചിരിക്കാനറിയാത്തവരുമല്ല ആധുനിക ശില്‍പികളുടെ ശില്പങ്ങള്‍ എന്ന തിരിച്ചറിവിലുടെ വേണം ആരംഭിക്കാന്‍. അവരുടെ നിരയിലേക്കെത്തുക തന്നെ ഇനിയുള്ള ലക്ഷ്യം. ഈ ശില്പം അതിന്റെ നാന്ദി കുറിക്കട്ടെ.
പരിശുദ്ധ കന്യാമറിയമിനെ മനസ്സില്‍ ധ്യാനിച്ച് ഉളിയും കൂടവും കൊണ്ട് കൊത്താന്‍ ആരംഭിച്ചു. ഉറച്ചു ദൃഢമായ പാറയില്‍ ഉളി ഇടയ്ക്കിടെ തെറിച്ചു. ചെറിയ കരിങ്കല്‍ച്ചീളുകള്‍ അടര്‍ന്നു വീണു ശീല്‍ക്കാരത്തോടെ. പെട്ടെന്ന് ആ കല്ലൊന്നിളകി എന്ന് തോന്നി. വെറും തോന്നലോ! അല്ല വ്യാകുലമാതാവ് പ്രതൃക്ഷപ്പെട്ടിരിക്കുന്നു. പുത്രദുഃഖത്താല്‍ മനസ്സു നുറുങ്ങിയ മാതാവ്, മടി യില്‍ വാടിത്തളര്‍ന്ന് മൃദുമേനിയോടെ യേശുതമ്പുരാന്‍!
മാതാവിന്റെ വേദന നിറഞ്ഞ പതിഞ്ഞ സ്വരം മൈക്കിള്‍ കേട്ടു;
‘നോക്കൂ, പ്രതിഭാധനനായ പുത്രാ, എങ്ങനെയാണ് എന്റെ മടിയില്‍ പുത്രനെ കിടത്തിയിരിക്കുന്നതെന്ന് നീ സസൂക്ഷ്മം ശ്രദ്ധിച്ചിട്ടു മാത്രം പ്രവൃത്തി തുടങ്ങു!’
മൈക്കെലാഞ്ജലോ സൂക്ഷിച്ചുനോക്കി. ശരിയാണ്. ഇങ്ങനെ തന്നെ കൊത്തണം. ഓ, ഇത്തരമൊരു ശില്‍പം മനോഹരമായിരിക്കും. മാതാവിന്റെ ചുളുങ്ങി പല മടക്കുകളായി കിടക്കുന്ന തിരുവസ്ത്രത്തോട് ഇഴുകിച്ചേര്‍ന്നു കിടക്കുന്ന യേശുതമ്പുരാന്റെ തിരുശരീരം. മാതാവ്, വലതുകരത്തില്‍ താങ്ങി നിര്‍ത്തിയ പുത്രന്റെ തളര്‍ന്ന മുഖം. പുത്രന്റെ വലതുകരം
ഊര്‍ന്ന് താഴേക്ക് കിടക്കുന്നു. ഇടതുവശത്തെ മടിയുടെ അറ്റത്ത് മുട്ടുകള്‍ മടക്കി താഴേക്ക് കിടക്കുന്ന കാലുകള്‍. ഇടതുകാല്‍ ഉയര്‍ന്നും വലുതുകാല്‍ വസ്ത്രത്തുമ്പുകളിലും മുട്ടിനില്‍ക്കുന്നു. മലര്‍ത്തിയ ഇടതുകരം ഇടത്തെ മുട്ടിനെ താങ്ങിയിരിക്കുന്ന മാതാവ്.
ഓ, ഇങ്ങനെതന്നെ കൊത്തിയാല്‍ ഈ പാറയില്‍ മനോഹരമായി അത് ഒതുങ്ങും. പിന്നെ ഒന്നുകൂടി യേശു തമ്പുരാന്റെ തിരുശരീരം ഏതാണ്ട് നാല്പത്തിയഞ്ചു ഡിഗ്രിയിലും മുട്ടിനു താഴെ തൊണ്ണുറു ഡിഗ്രിയിലും ആയാല്‍ ഈ പാറയില്‍ അത് സമാന്തരമായിത്തന്നെ കൊത്താനാകും.
മൈക്കിള്‍ പൂട്ടിയിരുന്ന കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ മാതാവില്ല. ഏതോ ഒരു പകല്‍ സ്വപ്നംപോലെ. കൊത്താനുള്ള ഈ രൂപത്തെപ്പറ്റി മാതാവ് തന്ന ദര്‍ശനമാകാം! പിന്നീട് കൈകള്‍ തുടര്‍ച്ചയായി ചലിച്ചു. കരി അകല്‍ച്ചീളുകള്‍ ചുറ്റിലും തെറിച്ചുവീണു. അവ ഒന്നൊന്നിനെ മുടി. മൈക്കിളിന്റെ ചെമ്പിച്ച താടിയിലും മുടിയിലും വെളുത്ത പൊടി നിറഞ്ഞു. നാസാരന്ധ്രങ്ങളില്‍ പൊടിഞ്ഞ കല്‍പ്പൊടിയുടെ ഗന്ധം നിറഞ്ഞു.
സൂര്യന്‍ ഉദിക്കുമ്പോള്‍ പ്രവ്യത്തി ആരംഭിച്ചു. പ്രവര്‍ത്തന സമയങ്ങളില്‍ ഭക്ഷണ സമയങ്ങള്‍ പോലും സ്നാക്കുകളില്‍ ഒതുക്കി. ഘനം കുറഞ്ഞരിഞ്ഞിട്ട് ഉപ്പിലിട്ട് ഉണക്കി എടുത്ത മാംസം (പിസൂട്ട), ഉപ്പിലിട്ട ഒലിവന്‍കായ്, ചീസ്, ലഹരി കുറഞ്ഞ വൈന്‍ എന്നിവ മാതം കഴിച്ച് തൃപ്തിപ്പെട്ടു പകലന്തിയോളം. വിശ്രമമെന്യേ കൊത്തി. പെട്ടെന്ന് പണി തീര്‍ക്കണം, ഒരു പിഴവും വരുത്താതെ.
സന്ധ്യ എത്തിയാല്‍ ബാറിലേക്ക് പോകും. ഒലിവെണ്ണയില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകളും വലിയ കാലുകളില്‍ എരിഞ്ഞു തീരുന്ന മെഴുകുതിരികളും ബാറില്‍ പ്രകാശം പരത്തുന്നു. മഞ്ഞുവീഴുന്ന നിലാവുള്ള രാത്രികളില്‍ ലഹരി കൂടിയ വീഞ്ഞ് ആനന്ദമേകും. പൊട്ടിച്ചിരികളും അട്ടഹാസങ്ങളും, നുരഞ്ഞുപതയുന്ന ബിയറും, വൈന്‍ വാറ്റി എടുക്കുന്ന ബ്രാണ്ടിയും ആനന്ദത്തിന് ലഹരി കൂട്ടും. അവയ്ക്കിടയില്‍ അഴിഞ്ഞാടി നടക്കുന്ന മദാലസകളായ സുന്ദരികള്‍ പ്രഭുക്കന്മാരുടെ ചുറ്റിലും കൂടും, തണുപ്പുള്ള രാധ്രികളില്‍ അവരെ പ്രലോഭിപ്പിച്ച് രസിപ്പിച്ച് സമ്പത്താര്‍ജ്ജിക്കാന്‍.
മൈക്കെലാഞ്ജലോ ആരെയെങ്കിലും വിവാഹം കഴിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെട്ടില്ല. പ്രഭുകുടുംബങ്ങളില്‍നിന്ന് ധാരാളം ആലോചനകള്‍ വന്നതാണ്. സുന്ദരികള്‍, ധനാഢ്യകള്‍, ചെറു പ്രായക്കാര്‍ തൊട്ട് കുലീന തരുണികള്‍ വരെ. വിവാഹമൊരു ബന്ധനമാണ്. പ്രത്യേകിച്ച് തന്റെ തൊഴിലിന്. രാവും പകലും വിയര്‍പ്പിലലിഞ്ഞ, കല്‍പ്പൊടിയുടെ ഗന്ധമുള്ള ഒരു ശില്പിയെ ഏതു സുന്ദരിയാണ് സ്നേഹിക്കുക? പിന്നെ അവരുടെ ധനവും പ്രതാപവും ഒക്കെ മുതലാക്കാനെത്തുന്ന ഇത്തരം ബന്ധങ്ങള്‍ക്ക് എന്ത് ഈഷ്മളത।
ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീണു. പാറകളില്‍ ശില്പത്തിന്റെ രൂപരേഖ അനുദിനം തെളിഞ്ഞുവന്നു. സൃഷ്ടിയുടെ വേദന മൈക്കിളിന്റെ മനസ്സിനെ മഥിച്ചു. കരിങ്കല്‍പ്പൊടിയിലലിഞ്ഞ വിയര്‍പ്പുചാലുകള്‍ നെറ്റിയില്‍നിന്നൊലിച്ച് ചെമ്പിച്ച മീശമേല്‍ പതിച്ചുകൊണ്ടിരുന്നു. ഋതുക്കള്‍ മാറിമാറിവന്നു. മഞ്ഞു കാലവും വേനല്‍ക്കാലവും കാലത്തെ അടയാളപ്പെടുത്തി. വൃക്ഷങ്ങള്‍ മഞ്ഞു കാലത്ത് ഇലപൊഴിച്ച് നനുത്തു പെയ്തിറങ്ങുന്ന മഞ്ഞിനെ വരവേറ്റു. അവ വീണ്ടും തളിര്‍ത്തു പുവിട്ട് വേനല്‍ക്കാലങ്ങളില്‍ പുക്കള്‍ ചുടി, കായ്കളെ പെറ്റുവളര്‍ത്തി. അവയില്‍ അണ്ണാര്‍ക്കണ്ണന്മാരും മരപ്പട്ടികളും വിവിധയിനം പക്ഷികളും വസന്തോത്സവത്തിന്റെ ആഘോഷം പൊടിപൊടിച്ചു.
പ്രതീക്ഷിച്ചതിലും സുന്ദരമായി മാതാവിന്റെ മുഖം തെളിഞ്ഞു വന്നു. സുന്ദരിയായ മാതാവിന്റെ ഈറനണിഞ്ഞ ശേകമുഖച്ഛായ മൈക്കിളിനെ നന്നേ തൃപ്തിപ്പെടുത്തി. ലോകത്തിലുള്ള എല്ലാ ദുഃഖങ്ങളും ഒന്നിച്ച് പേറുന്ന മാതാവ്! പുത്രദുഃഖത്താല്‍ പുകയുന്ന ഹൃദയമുള്ള യുവതിയായ മാതാവ്. അപ്പോള്‍ മൈക്കിള്‍ സ്വന്തം മാതാവിനെ ഓര്‍ത്തു. യുവത്വത്തിലേക്ക് കാല്‍ വെച്ചിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ സ്വന്തം മാതാവ്. തുടര്‍ച്ചയായ പ്രസവങ്ങള്‍ക്കുശേഷം കഠിന രോഗബാധിതയായി. മെലിഞ്ഞ ശരീരം ഒടുവില്‍ അസ്ഥിപഞ്ചരമായി. “അജ്ഞാതരോഗം.’ വൈദൃശാസ്ത്രം വിധി എഴുതി. ചെറുപ്രായക്കാരനായ തന്നെയും സഹോദരങ്ങളെയും വിട്ടുപിരിഞ്ഞ് ഈ ലോകത്തില്‍ നിന്നു പോകുമ്പോള്‍ ഇതേ പുത്രദുഃഖമായിരിക്കാം തന്റെ മാതാവും അനുഭവിച്ചിരുന്നത്.
വളരെ തീരവമായ ഭക്തി മൈക്കിളില്‍ ചെറുപ്പം മുതലേ വേരുന്നിയിരുന്നു. കണ്ടും കേട്ടും പഠിച്ചും വളര്‍ന്ന വിശ്വാസം. ചെറുപ്പംമുതലേ കാണുന്നു ശില്പങ്ങള്‍. വിഖ്യാതമായ ശില്പികളുടെ ഭാവനയും കരവിരുതും. ക്രൂശിതരൂപം, വിശുദ്ധന്മാര്‍, മാലാഖമാര്‍, ചെമ്പിലും ഇരുമ്പിലുമാണ് അവയേറെ. കല്ലില്‍ കൊത്താനാരംഭിച്ചിട്ടേയുള്ളു. അല്പം നീലം കലര്‍ന്ന പാല്‍നിറമുള്ള കല്ലില്‍ തന്റെ ശില്പം പൂര്‍ത്തിയാകുമ്പോള്‍ അതായിരിക്കണം ഇന്നുവരെ കൊത്തിയിട്ടുള്ള ശില്പങ്ങളുടെ മുന്‍പന്തിയില്‍. പിരമിഡിന്റെ ആകൃതിയുള്ള കല്ല്, ഈ കല്ല് കണ്ടപ്പോഴേ മനസ്സില്‍ ഏകദേശമൊരു രൂപരേഖയുണ്ടായി. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണമെന്നൊക്കെ.
ഈ ശിലപത്തിനാധാരമായി മനസ്സില്‍ സൂക്ഷിച്ച പ്രശസ്തരുടെ ചില എണ്ണച്ചായചിത്രങ്ങളുണ്ട്. അഗ്നേളോ ബ്രാണ്‍സ്സിനോയുടെ പിയറ്റ എന്നാലത് ശില്പമാക്കാനുള്ള തരത്തിലല്ല. ചിതറി വരച്ചിട്ട ഒരു ചിത്രം. എങ്കിലും അത് ആശയം സമ്മാനിക്കുന്നുണ്ട്. വ്യാകുലയായ മാതാവിന്റെ മുഖരൂപഭേദങ്ങളും മരണത്തെ പുല്‍കിയ യേശുതമ്പുരാന്റെ ശാരീരിക അവസ്ഥയുടെ ദൃശ്യവും. എന്നാല്‍ താനേറെ ഇഷ്ടപ്പെടുന്നതും അവലംബിക്കുന്നതും ചിത്രകാരനായ അന്നിബേല്‍ കറാസിയുടെ ചിത്രം തന്നെ. പ്രത്യേകിച്ച് അവിടെ രണ്ട് കഥാപാത്രങ്ങളേയുള്ളു. മാതാവും പുത്രനും അവരുടെ ഭാവപ്രകടനങ്ങളില്‍ അവരുടെ മാനസികാവസ്ഥ പൂര്‍ണ്ണമായും ചിത്രകാരന്‍ പകര്‍ത്തിയിരിക്കുകയാണ്. അത്തരമൊരു ചിത്രം തന്നെ ശില്പത്തിന് ആധാരമായിരിക്കേണ്ടത്.
വടക്കന്‍ യൂറോപ്പില്‍ ഏറെ പ്രചാരമുള്ള പിയറ്റ മൈക്കിള്‍ അംസോള്‍ഫില്‍ഡ് എന്ന മഹാശില്‍പിയുടേതാണെന്ന ഓര്‍മ്മ, മൈക്കിളിന്റെ മനസ്സില്‍ എത്തി. തടിയില്‍ കൊത്തി ചായംപൂശിയ പ്രതിമ. യേശുതമ്പുരാന്റെ ഉടല്‍, മദ്ധ്യഭാഗമൊഴികെ ഇരുവശത്തേക്ക് നീണ്ടു കിടക്കുന്നു. അവിടയാണ് ഈ ശില്പത്തിന്റെ അപാകത. എന്നാല്‍ താന്‍ കൊത്തിവരുന്ന ഈ ശില്പത്തിന് ആ കുറവ് പരിഹരിച്ചിരിക്കുന്നു. മാതാവിന്റെ കുപ്പായത്തിന്റെ അലുക്കത്തിലും ഇരുപ്പിലുമൊക്കെ യേശു തമ്പുരാന്റെ ഏങ്കോണിച്ചുള്ള കിടപ്പുതന്നെ ആ ദൃശ്യത്തെ മാറ്റിമറിക്കുന്നു, കല്ലിലൊതുക്കാന്‍ പാകത്തില്‍.
ഓ, ഒരു കാര്യം! മാതാവിനെ കന്യകാത്വം വിടാതെ യുവസുന്ദരിയായി ചിത്രീകരിക്കാന്‍ കഴിയുന്നതിലേറെ ചാരിതാര്‍ത്ഥ്യമുണ്ട്. മാതാവ് പുത്രനെ പ്രസവിച്ചു എന്നതു ശരിതന്നെ. എന്നാല്‍ പരിശുദ്ധാത്മാവായ നിറഞ്ഞ് കന്യാകത്വം വെടിയാതെയാണ് മാതാവ് പ്രസവിച്ചതെന്നുതന്നെ സഭ പഠിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കവിയായ ഡാന്റെയുടെ ഡിവൈന്‍ കോമഡിതന്നെ അതിന്നു മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. കവിയുടെ ചിന്തയില്‍ യേശുതമ്പുരാന്‍ പരിശുദ്ധ സ്ത്രീത്വത്തിന്റെ അംശം തന്നെ. അങ്ങനെയായാല്‍ മാതാവും പ്രായോഗികമായി യേശുതമ്പുരാന്റെ മകളും കൂടി ആയിരിക്കുമല്ലോ. പ്രത്യേകിച്ചും ഡാന്‍ഡെയുടെ കവിതകളിലെ ഒഴുക്കും ഭാവനയും ഭക്തിനിര്‍ഭരതയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ശില്പനിര്‍മ്മിതി പോലെതന്നെ തനിക്കേറെ ഹരംതരുന്നതാണ് ഇടയ്ക്കിടെ ഒഴിവുസമയങ്ങളിലെ കവിത എഴുത്തും.
രാപ്പകല്‍ അദ്ധ്വാനത്തിനുശേഷം ശില്പം പാറയ്ക്കുള്ളില്‍നിന്ന് പൊടി പടലങ്ങളെ തട്ടിക്കുടഞ്ഞ് ഉയര്‍ത്തെണീറ്റു കൊണ്ടിരുന്നു. ഒരു ശില്പിയുടെ ഗര്‍ഭപാത്രത്തിലെ ആദ്യത്തെ പൂര്‍ണ്ണമായ പ്രസവം. ഇതിനുമുമ്പ് ചാപിള്ളകളെയാണ് പ്രസവിച്ചതെന്ന് മൈക്കിളിനു തോന്നി. ഓജസ്സും തേജസ്സുമില്ലാത്ത അപൂര്‍ണ്ണ ശില്പങ്ങള്‍. ഓ! നോക്ക്, എഴുന്നു നില്‍ക്കുന്ന വാരിയെല്ലുകളും രക്തമുറഞ്ഞ നീലരക്തധമനികളും വാടിത്തളര്‍ന്ന മുഖഭാവവുമുള്ള യേശുതമ്പുരാന്‍. കദനക്കടലില്‍ കണ്ണീര്‍ വറ്റിയ മാതാവ്. ഒരേ കല്ലില്‍ രണ്ടു ശില്പങ്ങളുടെ സംയോജനം. ഇതുവരെ ഇത്തരമൊന്ന് ഒരു ശില്പിയും കൊത്തിയതായി അറിവില്ല.
മൈക്കെലാഞ്ജലോ ശില്പത്തിന്റെ അവസാന മിനുക്കുപണികള്‍ നടത്തുകയായിരുന്നു. ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള ബ്രഷുകള്‍ കൊണ്ട് പൊടികള്‍ തുടച്ചു മാറ്റി. ഒലിവെണ്ണയും മെഴുകും ചേര്‍ത്ത മിശ്രിതം കൊണ്ട് തുടച്ചു മിനുക്കുകയായിരുന്നു. പെട്ടെന്ന് രണ്ടു പേര്‍ കുതിരവണ്ടിയില്‍നിന്ന് ഇറങ്ങിവന്നു. നീണ്ട തൊപ്പിയും നീളത്തിലുള്ള കോട്ടും ധരിച്ചവര്‍. ഒരാള്‍ ചെറുപ്പക്കാരന്‍, മറ്റേയാള്‍ മധ്യപ്രായം കടന്നയാള്‍.
മധ്യ പ്രായം കടന്നയാള്‍ പരിചയപ്പെടുത്തി. ഞാന്‍ ജിയോവാനി ബില്ലാനി, അപരനായ ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു:
കേട്ടുകാണും, ഈ യുവ്പ്രതിഭയെ റാഫേല്‍!
മൈക്കിള്‍ പണി നിര്‍ത്തി പൊടി തട്ടിക്കുടഞ്ഞ് കൈകഴുകി വന്ന് ഇരുവര്‍ക്കും ഹസ്തദാനംചെയ്ത് ഭവ്യതയില്‍ പറഞ്ഞു;
ഇരുവര്‍ക്കും സ്വാഗതം! ജിയോവാനി ബല്ലിനി അതിപ്രശസ്തനായ ചിത്രകാരന്‍, പിന്നെ റാഫേല്‍ ചിത്രകലയിലെ അതുല്യ യുവ പ്രതിഭ!
മറ്റു മുഖവുരകൂടാതെ സദാ ഗൗരവക്കാരനായ ജിയോവാനി പറഞ്ഞു:
ഞങ്ങളെ ബഹുമാനപ്പെട്ട കര്‍ദിനാള്‍ ജീന്‍ ഡി ബില്ലേഴസ് തിരുമനസ്സുകൊണ്ട് ഇങ്ങോട്ടേക്ക് അയപ്പിച്ചതാണ്. ശില്പം കണ്ട് അതിന്റെ മേന്മ അദ്ദേഹത്തെ ഉണര്‍ത്തിക്കാന്‍. ഞാന്‍ റാഫേലിന്റെ അഭിപ്രായം ആദ്യം ആരായട്ടെ. എന്താണ് മോസ്സറോര്‍ റാഫേല്‍ താങ്കളുടെ അഭിപ്രായം?
റാഫേല്‍ ശില്പത്തെ അടിമുടി പരിശോധിച്ചു. ഒരമ്പരപ്പോടെ പറഞ്ഞു:
നല്ല ശില്പം! മനോഹരം, ഈ വെണ്ണക്കല്ലില്‍ ജീവന്‍ തുടിച്ചുനില്‍ക്കും പോലെ. പിന്നെ ഇത്തരമൊന്ന് ആദ്യം കാണുന്നു. ഒരു കല്ലില്‍ രണ്ടു ശില്പങ്ങളുടെ സംഗമം. എന്നാല്‍…
എന്നാലോ! ജിജ്ഞാസയോടെ ആ ചോദ്യം റാഫേലിന്റെ പക്കലേക്കു തന്നെ ജിയോവാനി തിരിച്ചു തൊടുത്തുവിട്ടു, എന്താണ് ആ യുവപ്രതിഭ അര്‍ത്ഥമാക്കുന്നതെന്നറിയാന്‍!
പറയാതിരിക്കാന്‍ കഴിയില്ല. മതാവ് നന്നേ ചെറുപ്പമായിരിക്കുന്നു. കൗമാരത്തില്‍നിന്ന് യവനത്തിലേക്ക് കാലെടുത്തുവെച്ച വിധം. മുപ്പത്തിമൂന്ന് വയസ്സുള്ള പുത്രനെ പെറ്റു വളര്‍ത്തിയ മാതാവിനെ ഇപ്രകാരം ചിത്രീകരിക്കുന്നതിലുള്ള ചേതോവികാരമാണ് മനസ്സിലാകാത്തത്.
ജിയോവാനി റാഫേലിനെ പിന്താങ്ങി….
റാഫേലിന്റെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അതു തന്നെയാണ് എനിക്കും തോന്നിത്തുടങ്ങിയത്.
മൈക്കെലാഞ്ജലോ ശാന്തനായി മൊഴിഞ്ഞു:
എനിക്കും ഇങ്ങനെതന്നെ തോന്നിയിരുന്നു. ഇങ്ങനെ ഒരു ചോദ്യം ചിത്രകാരന്മാരില്‍നിന്നും ശില്പികളില്‍നിന്നും ഉണ്ടാകുമെന്ന്. എന്നാല്‍ ഞാന്‍ മറ്റൊരു സിദ്ധാന്തം വെളിപ്പെടുത്താനത്രെ ഇപ്രകാരം പ്രായം കുറഞ്ഞ ഒരു മാതാവിനെ കൊത്തിയത്. അതുതന്നെയല്ല നമ്മുടെ വിശ്വാസവും…
മൈക്കെലാഞ്ജലോ പറഞ്ഞു മുഴുമിപ്പിക്കുന്നതിനുമുമ്പ് ഗാരവക്കാരനായ ജിയോവാനി ബല്ലിനി മൈക്കിളിന്റെ മറുപടിക്ക് തടയിട്ടു.
താങ്കളുടെ ന്യായീകരണത്തിന് ഇവിടെ എന്തു പ്രസക്തി? ബുദ്ധിക്ക് നിരക്കാത്തത് പറഞ്ഞു സമര്‍ത്ഥിക്കുന്നതിലേറെ പരിചയസമ്പന്നരെ കേള്‍ക്കുന്നത് ഉചിതവും അഭികാമൃവുമത്രെ!
(തുടരും…..)