കര്‍ദിനാള്‍ റാഫേലെ റിയോറി, സന്ദര്‍ഭവശാല്‍ മൈക്കെലാഞ്ജലോയുടെ “കുപ്പിഡ്’ എന്ന ശില്പം കാണാനിടയായി. തിരുമനസ്സിന്റെ ഉദ്യാനത്തിലേക്ക് ഒരു മനോഹര ശില്പം കൊത്താന്‍ മൈക്കെലാഞ്ജലോയെ കര്‍ദിനാള്‍ റോമിലേക്ക് ക്ഷണിച്ചു. മൈക്കെലാഞ്ജലോ റോമിലെത്തി തിരുമനസ്സിനെ മുഖം കാണിച്ചു.
കര്‍ദിനാള്‍ പറഞ്ഞു:
ഈയിടെ താങ്കളുടെ ഒരു ശില്പം കാണാനായി. കുപ്പിഡ്! നല്ല കൊത്ത്. നമ്മുടെ ഉദ്യാനത്തിലേക്ക് ആള്‍വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ രൂപമാണ് എന്റെ മനസ്സില്‍. ആദ്ധ്യാത്മികമായിരിക്കണമെന്നില്ല. കാല്പനികതയുള്ള ഒരു പുരുഷ രൂപം തന്നെ ആയിക്കൊള്ളട്ടെ.
റിയോറി തിരുമേനി തികഞ്ഞ കലാസ്വാദകനാണ്. യാഥാസ്ഥിതികനല്ല. മറിച്ച് ഹുമാനിസ്റ്റാണ്. എല്ലാത്തരം ശില്പങ്ങളെയും ചിത്രങ്ങളെയും ആസ്വദിക്കുന്ന കലോപാസകനാണ്. ഈ നവോത്ഥാന കാലത്ത് ചിത്രകലയേയും ശില്പനിര്‍മ്മാണത്തെയും വളരെയധികം ഉപാസിച്ചിട്ടുള്ള കര്‍ദിനാള്‍. ബോട്ടോസിലി, ഡാവിന്‍ചി, റാഫേല്‍ തുടങ്ങിയവരെയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാസ്‌നേഹി. മൈക്കെലാഞ്ജലോ ആലോചിച്ചു, എന്താണ് സുന്ദരമായി കര്‍ദിനാളിനുവേണ്ടി കൊത്തേണ്ട രൂപം? പെട്ടെന്നോര്‍മ്മ വന്നത് ഗ്രീക്ക്പുരാണത്തിലെ ഡയോനിസുസ് ദേവന്റേതായിരുന്നു. റോമില്‍ ആ പ്രതിമ ബാക്കൂസ് എന്നാണ് അറിയപ്പെടുന്നത്. ഗ്രീക്കുകാരും റോമാക്കാരുമായ പല ശില്പികളും ബാക്കുസിനെ കൊത്തിയിട്ടുണ്ട് പലതരത്തില്‍. ആനന്ദത്തിന്റെയും ലഹരിയുടെയും ദേവന്‍. അതിന് അതിന്റേതായ പൂര്‍ണ്ണത ഒരു ശില്പിക്കും പ്രകടമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുതന്നെ മൈക്കെലാഞ്ജലോയ്ക്ക് തോന്നി.
മൈക്കെലാഞ്ജലോ ഒരു രൂപം വരച്ചുണ്ടാക്കി കര്‍ദിനാള്‍ റിയോറി തിരുമനസ്സിനെ കാണിക്കാന്‍, വളരെ വ്യത്യസ്തമായി. മുമ്പ് കൊത്തിയ ശില്പികള്‍ സുന്ദരനായ ഒരു യുവാവിനെയാണ് ഡയോനിസൂസ് ദേവനായി ചിത്രീകരിച്ചിരുന്നത്. എന്നാല്‍ നഗ്നനായി സദാ ലഹരിയില്‍ മുന്തിരിക്കുലകള്‍കൊണ്ട് കിരീടം പേറി, വലതുകരത്തില്‍ വീഞ്ഞു നിറച്ച ചാലീസുമായി നില്‍ക്കുന്ന ബാക്കുസ്! കണ്‍പോളകള്‍ വീര്‍ത്ത് ഉടലല്‍പം ചാടി മദ്യപാന ലഹരിയില്‍ കണ്ണ് അല്പം അടഞ്ഞ വിധമാണ് കൊത്തേണ്ടത്. എന്നാല്‍ പല തവണ വരച്ചിട്ടും പുര്‍ണ്ണുതയിലെത്തുന്നില്ല.
അങ്ങനെ ഇരിക്കവേയാണ് അയാളെ കണ്ടുമുട്ടിയത്. അയാള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ വലിയ പ്രതിമയ്ക്കരികെ നിന്ന് തംബുരു മീട്ടി നീട്ടിപ്പാടുന്നു. ഇടയ്ക്കിടെ ഒരു വലിയ ചാലീസില്‍നിന്ന് വീഞ്ഞ് മൊത്തിക്കുടിക്കുന്നു. അയാള്‍ക്കു ചുറ്റും കുറേ കാഴ്ചക്കാര്‍. അയാളുടെ ഗാനം ആസ്വദിച്ച് കാണികളില്‍ ചിലര്‍ അയാളുടെ മുമ്പില്‍ വിരിച്ച ചാക്കു കഷണത്തില്‍ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുക്കുന്നു. അയാളുടെ ചെമ്പിച്ച മുടി ചുരുണ്ട് മുന്തിരിക്കുലകളുടെ കിരീടം ചൂടിയപോലെ. അയാള്‍ തീര്‍ത്തും നഗ്നനല്ല. അരയില്‍ ഒരു ചാക്കു കഷണം ധരിച്ചിട്ടുണ്ട്. തുടുത്ത കവിള്‍, മുഖത്ത് ചെമ്പന്‍ കുറ്റിരോമങ്ങള്‍, കലങ്ങിയ കണ്ണുകള്‍, വീര്‍ത്ത കണ്‍പോളകള്‍, അല്പമടഞ്ഞ കണ്ണുകള്‍, ഉറിപോലെ തുങ്ങിയ ഉദരം! ഒരു മദൃപാനിയുടെ സര്‍വൃലക്ഷണങ്ങളും പ്രകടമായി കാണാം.
ഓ, ഇയാള്‍ തന്നെ ഡയോനിസുസിനു പറ്റിയ രുപം. മൈക്കെലാഞ്ജലോ അയാളുടെ അടുത്തേക്ക് ചെന്നു. നിർന്നിമേഷനായി ഒരു നിമിഷം നിന്നു.
മൈക്കിള്‍ ഓര്‍ത്തു;
ഓ, ഇയാള്‍ തന്നെ പുരാതന ഗ്രീസിലെ ഡയോനിസുൂസ് ദേവന്‍. അല്ലെങ്കില്‍ റോമിലെ ബാക്കുസ്! മൈക്കിള്‍, അയാളെ സൂക്ഷിച്ചു നോക്കി. എല്ലാം തികഞ്ഞ ബാക്കുസ്! മദ്യപാനികളുടെ ദൈവം, ആനന്ദത്തിന്റെ ദൈവം, ഭൂമിയിലെ സര്‍വ്വവിധ ഉന്മാദങ്ങളുടെയും ദൈവം, ഡയോണിയോസ് ദേവന്‍! സാക്ഷാല്‍ ബാക്കൂസ്!
അയാള്‍ സംഗീതാലാപനം നിര്‍ത്തി. മുമ്പില്‍ വീണുകിടക്കുന്ന നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കുമ്പോള്‍ മൈക്കെലാഞ്ജലോ പതുങ്ങിയ ശബ്ദത്തില്‍ അയാളോട് ചോദിച്ചു:
ഗായകാ, താങ്കളുടെ പേരെന്താണ്?
ഓര്‍ഫ്യുസ്!
ഓര്‍ഫ്യൂസോ, താങ്കള്‍ ഗ്രീക്കുകാരനാണോ?
അതെ.
വിചിത്രമായിരിക്കുന്നു. താങ്കള്‍ ഓര്‍ഫ്യുസിനെപ്പറ്റി കേട്ടിട്ടുണ്ടോ?
ഏത് ഓര്‍ഫ്യൂസ്?
പുരാതന ഗ്രീക്ക് മിത്തോളജിയിലെ ഓര്‍ഫ്യൂസ്!
വിദ്യാഭ്യാസവും വിവരവുമില്ലാത്ത ഞാനെങ്ങനെ ഓര്‍ഫ്യൂസിനെ അറിയും! ഞാനൊരു ബാര്‍ബേറിയനാണ് (അന്യരാജ്യത്തു നിന്നുവന്ന വിദ്യാ ഭ്യാസമില്ലാത്തവന്‍). എന്റെ അപ്പന്‍ ഗായകനായിരുന്നു. എനിക്കോര്‍മ്മവെക്കും മുമ്പ് അമ്മ മരിച്ചു. ചെറുപ്പം മുതലേ ഞാന്‍ അപ്പന്റെ കുടെ പട്ടണത്തില്‍ നിന്ന് പട്ടണത്തിലേക്ക് പാടി നടന്നാണ് ഉപജീവനം കഴിച്ചത്. തംബുരു കാട്ടി അവന്‍ തുടര്‍ന്നു പറഞ്ഞു:
നോക്കു! ഇതാണെന്റെ പിതൃസ്വത്ത്, ഇതുമായി ഞാന്‍ ജീവിക്കുന്നു. അപ്പന്‍ മരിച്ചിട്ട് കുറേയായി. അപ്പന്‍ മരിച്ചപ്പോള്‍ ഒരു ചരക്കുകപ്പലിലെ അടിമച്ചെക്കനായി. അങ്ങനെയാണ് ഞാന്‍ റോമിലെത്തിയത്.
പക്ഷേ, താങ്കള്‍ തുടര്‍ച്ചയായി മദ്യം കഴിക്കുന്നുണ്ടല്ലോ!
ഞാനൊരു മദ്യപാനി ആയത് എങ്ങനെയെന്നോ? അതു പറയാം. ഞാന്‍ ആദ്യമിവിടെ കപ്പലിറങ്ങിയപ്പോള്‍ വീഞ്ഞുണ്ടാക്കുന്ന ഒരാളുടെ കടയില്‍ ജോലിക്കു ചേര്‍ന്നു. വീഞ്ഞു വിളമ്പുന്ന ചെക്കനായി. അതുമാത്രമായിരുന്നില്ല എന്റെ ജോലി. അയാള്‍ മലയടിവാരങ്ങളില്‍നിന്നു വാങ്ങിക്കൊണ്ടിരുന്ന മുന്തിരി അയാളും ഞാനുംകൂടി ചവിട്ടിക്കുഴച്ച് നീരാക്കി അരിച്ച് പുളിപ്പിച്ച് കല്‍ഭരണികളില്‍ സൂക്ഷിക്കാനും അയാളെ സഹായിക്കണം. എനിക്ക് ഇഷ്ടാനുസരണം ഭക്ഷണം, വൈകിട്ട് ഉറങ്ങാന്‍ പോകുംമുമ്പ് ഇഷ്ടംപോലെ വീഞ്ഞും തരുമായിരുന്നു. കാലക്രമേണ ഞാന്‍ മദ്യപാനിയായി. അങ്ങനെ കുറേ വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ പെട്ടെന്നു മരിച്ചു. അയാളുടെ കടയും പൂട്ടി. അപ്പോള്‍ യുവാവായ ഞാന്‍ തൊഴില്‍രഹിതനായി. മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ അപ്പന്‍ തന്ന തംബുരുവുമായി പാടി കാലക്ഷേപം ചെയ്യാനാരംഭിച്ചു.
ഞാനൊരു ശില്പിയാണ്. താങ്കള്‍ക്ക് വേണ്ടത്ര പണം ഞാന്‍ തരാം. എനിക്ക് മോഡലായി നിങ്ങള്‍ ഒന്നു നിന്നുതരണം. ഈ കാണുന്ന മദ്യ ലഹരിയില്‍ത്തന്നെ. ഈ വലതു കൈയില്‍ വീഞ്ഞു നിറച്ച ചാലീസുമായി.
അത്രയേ ഉള്ളോ? എനിക്ക് എന്തു തുക തരും?
താങ്കള്‍ കരുതുന്നതിലധികം. പക്ഷേ, എനിക്കു കൊത്തേണ്ടത് താങ്കളുടെ നഗ്നരുപമാണ്. കുറേ നാള്‍ നഗ്നനായി എന്റെ മുമ്പില്‍ നില്‍ക്കണം.
നഗ്നനായോ, എനിക്ക്രത രൂപഭംഗിയൊന്നുമില്ലെന്ന് സെഞ്ഞ്വേറാ, താങ്കള്‍ക്കറിയില്ലേ ?
അത്തരമൊരു രൂപമാണെനിക്കു വേണ്ടത്.
ബാക്കൂസിനെ കൊത്താന്‍, മൈക്കെലാഞ്ജലോ ഒരു കൊല്ലമെടുത്തു. ഒരാള്‍ വലുപ്പത്തില്‍. പാല്‍നിറമുള്ള കല്ലില്‍ ബാക്കുസ് മനോഹരമായി തോന്നി. വലതുകരത്തില്‍ വീഞ്ഞു നിറച്ച ചാലീസ്, ഇടതുവശത്ത് മുന്തിരിക്കുലകള്‍ കയ്യിലേന്തി ബാക്കുസിനെ ചാരിനില്‍ക്കുന്ന “ഫൗണ്‍സ്” എന്ന ആടിന്റെ ഉടലുള്ള ചെറിയ വിഗ്രഹം!
മൈക്കിള്‍ ഓര്‍ത്തു:
ഈ മനോഹരരുപം, കര്‍ദിനാള്‍ റയോറി തിരുമനസ്സിന് തീര്‍ച്ചയായും ഇഷ്ടപ്പെടും. ഇത്തരമൊരു ബാക്കൂസിനെ ഇതുവരെ ആരും കൊത്തിയിട്ടില്ല. റയോറി തിരുമനസ്സിനെ വിവരം അറിയിച്ചു. ആകാംക്ഷയോടെയാണ് കര്‍ദിനാള്‍, മൈക്കെലാഞ്ജലോയുടെ ശില്പശാലയിലേക്ക് എഴുന്നള്ളിവന്നത്. ശില്പത്തെ തിരുമനസ്സ് അടിമുടി ഒന്ന് നോക്കി നെറ്റിചുളിച്ച് മൈക്കിളിനോട് ചോദിച്ചു:
ഇതാരുടെ ശില്പമാണ്?
പുരാതന ഗ്രീക്കുകാരുടെ ഡയോനിസുസ് ദേവന്‍. അല്ലെങ്കില്‍ റോമാക്കാരുടെ ബാക്കൂസ് ദേവന്‍. വീഞ്ഞിന്റെയും ലഹരിയുടെയും ദേവന്‍. തിരുമനസ്സിന്റെ ഉദ്യാനത്തിലേക്ക് ഇത് നന്നേ യോജിക്കും.
പുച്ഛം കലര്‍ന്ന സ്വരത്തില്‍ കര്‍ദിനാള്‍ ഉത്തരമരുളി:
ഒരു പേഗന്‍ ദൈവമോ ഒരിക്കലുമില്ല, അതും നഗ്നന്‍! വിഗ്രഹാരാധന രണ്ടാം പ്രമാണത്തിന്റെ ലംഘനമല്ലേ? പിന്നെ കര്‍ദിനാളിന്റെ ഉദ്യാനത്തില്‍ ഒരു നഗ്നപ്രതിമയോ! എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഒരു ശില്പി പാഴ്‌വേല ചെയ്തെന്നോര്‍ത്ത് നാം സഹതപിക്കുന്നു. ഇത്രയും പറഞ്ഞ് കര്‍ദിനാള്‍ റയോറി വന്ന വില്ലുവണ്ടിയില്‍ കയറി തല്‍ക്ഷണം യാത്രയായി.
മൈക്കെലാഞ്ജലോ വിഷണ്ണനായി. എങ്കിലും കര്‍ദിനാളില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല. നല്ല ഉദ്ദേശത്തോടെയാണ് ഈ ശില്പം ചെയ്തത്. അതൊരു പാഴ്‌വേലയായി മാറിയതില്‍ മൈക്കിളിനു കുണ്ഠിതം തോന്നി. കര്‍ദിനാളിപ്പറ്റി ഇങ്ങനെ ആയിരുന്നില്ല കേട്ടിരുന്നത്. പുരോഗമനവാദിയെന്ന്. എവിടെ പുരോഗമനം, ശില്പം ശില്പമല്ലേ! മിത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍. അതിനെവിടെ വിഗ്രഹാരാധനയുമായി ബന്ധം? പിന്നെ നഗ്നത, അത് പൂര്‍ണ്ണത! അതംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കലാസ്‌നേഹി എന്നതിനെന്തര്‍ത്ഥം?
അന്നൊരു നാള്‍, കര്‍ദിനാള്‍ റയോറിയുടെ ബാങ്കറായ ജാക്കോപോ ഗാലി മൈക്കെലാഞ്ജലോയെ അന്വേഷിച്ചുവന്നു.
അയാള്‍ മൈക്കിളിനോട് ചോദിച്ചു;
താങ്കള്‍ ഈയിടെ കര്‍ദിനാള്‍ റയോറി തിരുമേനിക്കുവേണ്ടി കൊത്തിയ ബാക്കൂസ് പ്രതിമയെവിടെ?
ഓ, അതിവിടെയുണ്ട്. കര്‍ദിനാള്‍ റയോറി തിരുമനസ്സിനുവേണ്ടി കൊത്തിയതാണ്. അദ്ദേഹമതു പല കാരണങ്ങളാല്‍ തിരസ്ക്കരിച്ചു. ഇനിയും മറ്റേതെങ്കിലും പ്രഭുക്കള്‍ക്ക് വില്‍ക്കാമെന്ന് കരുതുന്നു. അല്ലാ, താങ്കളിതന്വേഷിക്കുന്നത് കര്‍ദിനാളിനു വേണ്ടിത്തന്നെയാണോ? തിരുമേനിക്ക് വല്ല മനം മാറ്റവും വന്നോ?
ഇല്ല, അദ്ദേഹം ഈ ശില്പത്തെപ്പറ്റി പറഞ്ഞത്, ഒരു കര്‍ദിനാളിന് യോജിക്കാത്ത വിഗ്രഹം എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു. താങ്കളുടെ ശില്പചാതുര്യത്തെപ്പറ്റി അദ്ദേഹത്തിന്റെ മതിപ്പ് കുറഞ്ഞിട്ടില്ല. എന്നാല്‍, ഞാന്‍ ഈ ശില്പം വാങ്ങിക്കൊള്ളാം. എന്നെ ആ ശില്പമൊന്ന് ദയവായി കാണിക്കു.
വരൂ, എന്റെ ശില്പശാലയ്ക്കുള്ളിലേക്ക്. വേണമെങ്കില്‍ കര്‍ദിനാള്‍ സമ്മതിച്ച തുകയിലും കുറവ് തന്നാല്‍ മതി.
ജാക്കോപോഗാലി മൈക്കെലാഞ്ജലോയെ അനുധാവനം ചെയ്തു. പ്രതിമ കണ്ട് വിസ്മയം പൂണ്ട ഗാലി ആവേശത്തില്‍ പറഞ്ഞു:
ഇത്തരമൊരു മനോഹര ശില്പം ഒരു ശില്പിയും കൊത്തിയിട്ടില്ല. ഇതെന്റെ ഉദ്യാനത്തിലേക്ക് നന്നേ ചേരും. വില കുറയ്ക്കേണ്ട. കര്‍ദിനാള്‍ കരാര്‍ ചെയ്ത തുകയിലധികം തരാന്‍ ഞാന്‍ സന്നദ്ധനാണ്.
അപ്പോള്‍ മൈക്കെലാഞ്ജലോ ഓര്‍ത്തു:
ശില്പങ്ങള്‍ കല്ലുകളില്‍നിന്ന് വിടരുന്നു, ശില്പിയുടെ ഭാവനയില്‍ നിന്നു വിരിയുന്ന ശിലാപുഷ്പങ്ങള്‍ പോലെ. യാഥാസ്ഥിതിക ചിന്തകള്‍ക്കപ്പുറം അത് മറികടക്കും. നവോത്ഥാനത്തിന്റെ തേരോട്ടത്തില്‍!
(തുടരും….)