ഗുവാഹത്തി: 2016 മുതൽ അസമിലെ 1500-ലധികം യുവാക്കൾ വിവിധ തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസം നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സംസ്ഥാനത്ത് നിന്ന് 1561 യുവാക്കൾ 2016 മുതൽ അഞ്ച് ഭീകര സംഘടനകളിൽ ചേർന്നു. അതേസമയം, 8,000 ഭീകരർ കീഴടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച അസം നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ദേബബ്രത സൈകിയയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 2016 മുതൽ 2022 വരെ 811 യുവാക്കൾ എൻഡിഎഫ്ബിയിൽ ചേർന്നു, 164 യുവാക്കൾ എൻഎൽഎഫ്ബിയിൽ (ബോഡോ), 351 യുവാക്കൾ പിസിടിഎസിൽ ചേർന്നു, 203 യുവാക്കൾ ഈ കാലയളവിൽ ഉൾഫയിലും 32 യുവാക്കൾ യുപിആർഎഫിലും ചേർന്നു. ഇക്കാലയളവിൽ 23 വ്യത്യസ്ത തീവ്രവാദ സംഘടനകളിൽ പെട്ട 7,935 ഭീകരർ കീഴടങ്ങി മുഖ്യധാരയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തിയ 2016 മുതൽ സംസ്ഥാനത്ത് ജിഹാദി പ്രവർത്തനങ്ങളുടെ പേരിൽ 84 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുൾ മുജാഹിദ്ദീൻ, അൻസറുല്ല ബംഗ്ലാ ടീം (എബിടി) തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായ ജിഹാദികൾ.