വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വികസിപ്പിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു. ആളില്ലാ പേലോഡ് ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ ബ്ലൂ ഒറിജിനിന്റെ വെസ്റ്റ് ടെക്സാസ് ഹബ്ബിൽ നിന്നായിരുന്നു വിക്ഷേപണം.
ടേക്കോഫ് നടത്തി ഒരു മിനിട്ടിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നുവീണത്. ഭൂമിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട ന്യൂ ഷെപ്പേർഡ് ബൂസ്റ്ററിന്റെ എഞ്ചിനുകളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അതേസമയം റോക്കറ്റില്‍ നിന്ന് പേടകത്തെ വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
ബഹിരാകാശ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങുന്നതിന്റെ ഹ്രസ്വ വീഡിയോ ബ്ലൂ ഒറിജിൻ കമ്പനി ട്വിറ്ററിൽ പങ്കുവച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 36 പരീക്ഷണങ്ങൾ നടത്താൻ തയ്യാറാക്കിയ എൻഎസ്-23 ആഗസ്റ്റ് അവസാനത്തോടെ വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം വൈകുകയായിരുന്നു.
Booster failure on today’s uncrewed flight. Escape system performed as designed. pic.twitter.com/xFDsUMONTh
— Blue Origin (@blueorigin) September 12, 2022