ന്യൂയോര്‍ക്ക്: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി.
ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയായിരുന്നു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. സെപ്‌തംബര്‍ 10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബ്ബാനയും പ്രസംഗവും ഫാ. ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടന്നു.
രാത്രി 7:30 ന് ആരംഭിച്ച കാര്‍ണിവല്‍ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഫാ. ബോബന്‍ വട്ടംപുറത്തച്ചന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായി. തിരുന്നാള്‍ സന്ദേശവും അദ്ദേഹം നല്‍കി.
ഇടവകയുടെ സ്വന്തം സെന്റ് മേരീസ് ബീറ്റ്സ് ചെണ്ടമേളം പെരുന്നാളിന് നിറം ചാര്‍ത്തി. തുടര്‍ന്ന് കുര്‍ബാനയുടെ ആശിര്‍വാദവും അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റു നടത്തുന്ന ഇടവകയിലെ പത്തു കുടുംബങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. പ്രാര്‍ഥനാ ശുശ്രുഷകള്‍ക്ക് ശേഷം സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു.