അഹമ്മദാബാദ്: കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിക്കും മറ്റ് 19 പേർക്കും അഹമ്മദാബാദിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഗുജറാത്ത് സർവ്വകലാശാലാ പരിസരത്ത് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ.
ഐപിസി 143, 147 വകുപ്പുകളും ഗുജറാത്ത് പോലീസ് ആക്ടിലെ വകുപ്പുകളും പ്രകാരവും മേവാനിയും സഹ കോൺഗ്രസ് നേതാക്കളായ സുബോധ് പർമറും രാകേഷ് മെഹ്‌റിയയും ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. വിചാരണ തുടങ്ങുംമുമ്പ് പ്രതികളിൽ ഒരാൾ മരിച്ചു.
ഗുജറാത്ത് സർവ്വകലാശാലയുടെ നിയമ വിഭാഗത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പേര് ഡോ. ബി.ആർ. അംബേദ്കറുടെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 2016-ൽ കോൺഗ്രസ് നേതാവും കൂട്ടരും നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിൽ അപ്പീൽ സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പിഎൻ ഗോസ്വാമിയുടെ ബെഞ്ച് ഒക്ടോബർ 17 വരെ പ്രതികൾക്ക് സമയം അനുവദിച്ചു.