കൊല്ലം: മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 6 കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ചു. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായാണ് അഴീക്കൽ ബീച്ച് മുതൽ കുഴിത്തറ ടൗൺ വരെയുള്ള ഭാഗത്തെ കടൽത്തീരം ഇവർ വൃത്തിയാക്കിയത്. ഇതിനായി കയ്യുറകൾ ധരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനുള്ള സഞ്ചികളുമായി ആയിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്. മാതാ അമൃതാനന്ദമയീമഠത്തിലെ 200 ബ്രഹ്മചാരി- ബ്രഹ്മചാരിണിമാരും , 200 ആശ്രമ അന്തേവാസികളും, വിദേശികളായ നൂറോളം സന്ദർശകരും, അമൃതപുരി അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന 500 അംഗ സംഘവും ഈ ദൗത്യത്തിൽ പങ്കാളികളായി.
നാല് മണിക്കൂർ നേരത്തെ പ്രയത്‌നം കൊണ്ട് ആറ് കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ച ഇവർ 500-ലധികം ചാക്ക് മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത്. കടൽത്തീരം മനോഹരമാക്കിയതിനോടൊപ്പം പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനുമെല്ലാം ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രകൃതി സംരക്ഷണത്തിൽ ഭാഗമാകാനും ഇതിലൂടെ കഴിഞ്ഞു. പ്രകൃതി സംരക്ഷണത്തിനായുള്ള ദേശീയ ഏജൻസിയായ പര്യാവരൺ സംരക്ഷന്റെ സഹകരണത്തോടെയാണ് അമൃത ഈ ദൗത്യത്തിൽ പങ്കാളിയായത്. 2016 മുതൽ രാജ്യത്തുടനീളമുള്ള ആളുകൾ ഈ ദൗത്യത്തിൽ ഒത്തുചേരുന്നുണ്ട്.
ആഗോള തലത്തിൽ എല്ലാ വർഷവും സെപ്തംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോക ശുചീകരണ ദിനമായി ആചരിക്കുന്നത്. മാലിന്യനിർമാർജ്ജനത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ അവബോധം നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.