തിരുവനന്തപുരം: ഓണം ബമ്പറിന് പിന്നാലെ സംസ്ഥാന സർക്കാർ പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിച്ചു. പത്തു കോടിയാണ് പൂജാ ബമ്പറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ അഞ്ച് കോടി രൂപയായിരുന്നു പൂജാ ബമ്പര്‍ സമ്മാനത്തുക.
രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ധനമന്ത്രി കെ എൻ ബാലഗോപാൽ പൂജ ബമ്പർ മന്ത്രി ആന്റണി രാജുവിന് നല്‍കി ഉദ്ഘാടനം ചെയ്തു. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ടിജെ 750605 എന്ന നമ്പരിന് ലഭിച്ചു.
ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്. ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ലഭിക്കും.