ലേഖകനെക്കുറിച്ച് :
മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ,വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്.
തുടര്‍ന്നു വായിക്കുക:
ദേവാലയ നടയില്‍ നിന്നും അപരന്റെ പാദരക്ഷ അടിച്ചുമാറ്റി അതിട്ടു വിലസുന്നവരും വിറ്റുകാശാക്കുന്നവരും ഉണ്ട്. അതുപോലെയാണ് ചില എഴുത്തുകാര്‍. എഴുതിത്തെളിഞ്ഞ ചില എഴുത്തുകാരുടെ ശൈലിയും രചനാസങ്കേതവും അപഹരിച്ച് ആ രീതിയിലേ എഴുതൂ, ചിലര്‍. അതൊരു പൊതുരീതിയാകുമ്പോള്‍ എഴുത്തുകാരെ വ്യത്യസ്തരായി അടയാളപ്പെടുത്തുവാന്‍ തന്മൂലം കഴിയാതെപോകുന്നു. എല്ലാവരുടേയും മുഖം ഒരേപോലെ, എല്ലാവരുടേയും ഭാഷയും ഒരേപോലെ. വ്യക്തിത്വം ഇല്ലാതായിപ്പോകുന്ന എഴുത്തുകാര്‍. ഇന്നത്തെ എഴുത്തുകാരില്‍ – കവികളിലും ചെറുകഥാകൃത്തുക്കളിലും – ഈവിധം മുഖം നഷ്‌പ്പെടുത്തുന്നവരാണ് ഭൂരിപക്ഷവും.
ഇപ്പോഴത്തെ ലോകജനസംഖ്യ 7.75 ബില്ല്യണ്‍ ആണ്. ഇതുവരെ ഭൂമുഖത്ത് പിറന്നവര്‍ 117 ബില്ല്യനാണെന്നും അനുമാനിക്കപ്പെടുന്നു. ഈ 124.75 ബില്ല്യണ്‍ വ്യക്തികളും ഇനി ജനിക്കാനിരിക്കുന്ന പല ബില്ല്യണ്‍ വക്തികളും വിഭിന്നരാണ്. അവരുടെ തള്ളവിരല്‍ രേഖകളും, കൃഷ്ണമണിയും ഒക്കെ തികച്ചും ഭിന്നമാണ്. അതാണ് സൃഷ്ടാവിന്റെ കരവിരുത്. സൃഷ്ടികളുടെ വൈവിദ്ധ്യം സാഹിത്യത്തിലെ സൃഷ്ടാവിനും ഇതരകലകളുടെ സൃഷ്ടാക്കള്‍ക്കും ഉണ്ടാവണം. അപ്പോഴാണ് സൃഷ്ടാവും സൃഷ്ടിയും അപൂര്‍വ്വമാകുന്നത്. അതിനുപകരം ആരെങ്കിലും വാര്‍ത്തുവച്ചിരിക്കുന്ന, അച്ചിലിട്ടുവാര്‍ക്കുന്ന സമ്പ്രദായം അനുകര്‍ത്താക്കളെ മാത്രമേ സൃഷ്ടിക്കുകയുള്ളൂ. സര്‍ഗ്ഗധനനായ സൃഷ്ടാവാകുവാന്‍ അവര്‍ക്കാവില്ല. കാലത്തെ അതിജീവിക്കുന്നത് സര്‍ഗ്ഗധനര്‍ മാത്രമാണ്.
ലോകസാഹിത്യം ഒന്നു പരിശോധിച്ചു നോക്കൂ, അവിടെ നാം കാണുന്നത് അപൂര്‍വ്വതയുടെ ശില്പഗോപുരങ്ങളാണ്. വ്യാസനും, വാത്മീകിയും, ഭാസനും ഒക്കെ അത്തരം ശില്പഗോപുര സൃഷ്ടാക്കളാണ്. അവരെ അനുകരിക്കാന്‍ പോന്നവരാരും പിന്നെ ജനിച്ചിട്ടില്ല. അല്ലെങ്കിലും അവരുടെ കൃതികള്‍ അനന്യവും അനനുകരണീയങ്ങളുമാണ്. അതേ വിതാനത്തിലാണ് ഗ്രീക്കുപുരാണങ്ങളും, ഷേക്‌സ്പിയറിന്റേയും മില്‍ട്ടന്റേയും കൃതികളും. എന്തിന് അത്രത്തോളം പിമ്പിലേക്കു നോക്കണം. ആധുനികര്‍ വാഴ്ത്തിപ്പാടുന്ന എഴുത്തുകാരുടെ കഥയും അതുതന്നയല്ലെ? അവരൊക്കെ സ്വന്തം വഴിവെട്ടിത്തെളിച്ച് അതിലൂടെ യാത്ര ചെയ്തവരാണ്.
വിശ്വസാഹിത്യം ഒന്നും അരച്ചു കലക്കി കുടിച്ചവനല്ല ഈ ലേഖകൻ. പക്ഷേ വായിച്ചു പരിചയപ്പെട്ട കൃതികളിലൊക്കെ ഈ സവിശേഷത കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. റിയലിസത്തിന്റേയും പുരോഗമന സാഹിത്യത്തിന്റേയും കാലഘട്ടത്തില്‍ മലയാള സാഹിത്യത്തെ സ്വാധീനിച്ചത് റഷ്യന്‍ സാഹിത്യമാണ്. ടോള്‍സ്‌റ്റോയും മോപ്പസാങ്ങും ദയസ്‌തോവിസ്‌കിയും ഒക്കെ നമ്മുടെ സാഹിത്യത്തില്‍ തകഴിയും ദേവും വര്‍ക്കിയും ഒക്കെയായി പുനര്‍ജ്ജനിക്കുകയുണ്ടായി. എന്നാല്‍ തകഴിയുടേയും ദേവിന്റേയും വര്‍ക്കിയുടേയും ശൈലി വ്യത്യസ്തമായിരുന്നു. ഇത്തിരികൂടി കഴിഞ്ഞ് ആധുനിക സാഹിത്യത്തിന്റെ സ്വരഭേദങ്ങളുമായി വന്ന എഴുത്തുകാരെ സ്വാധീനിച്ച ഫ്രഞ്ചു നോവലിസ്റ്റ് ആല്‍ബര്‍ട്ട് കാമുവും ഇംഗ്ലീഷ്‌കാരനായ ഓ. ഹെന്‍ട്രിയും ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലോയും ഒക്കെ സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചവരാണ്. അവരുടെ ശൈലിയല്ല, അവര്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളും പ്രയോഗങ്ങളും അസാധാരണമായ കൈയ്യടക്കത്തോടെ അനുകരിച്ചവരാണ് മുകുന്ദനും കാക്കനാടനും തുടങ്ങിയുള്ള ആധുനികരായ എഴുത്തുകാര്‍.
മുകുന്ദന്റെ പല കഥകളും ഓ ഹെന്‍ട്രിയുടെ വിദൂരാനുകരണങ്ങളാണ്. ‘രാധ രാധമാത്രം’, ‘പ്രദോഷം മുതല്‍ പ്രദോഷം വരെ’, തുടങ്ങിയുള്ള മുകുന്ദന്റെ കഥകള്‍ ഹെന്‍ട്രിക്കഥകള്‍ക്കൊപ്പം വച്ചു വായിച്ചുനോക്കുക. പക്ഷേ മുകുന്ദന്റെ കൈവശമുള്ള ശില്പ വൈദഗ്ദ്യം – ക്രാഫ്റ്റ് കൊണ്ട് ഈ പാദരക്ഷകള്‍ ആരും ശ്രദ്ധിക്കുന്നില്ല. കാക്കനാടന്റെ രചനകളുടെ പിമ്പില്‍ ഒരു കാമുവിനെ കാണാന്‍ കഴിയുന്നില്ലേ? പക്ഷേ, മലയാളത്തില്‍ കാക്കനാടനും വെട്ടിത്തെളിച്ചു, തന്റേതായ ഒരു ശൈലീപഥം. അല്‍ക്കെമിസ്റ്റ് എഴുതിയ കൊയ്‌ലോ തന്നെയാണ് അഡള്‍ട്ടറിയും എഴുതിയത്. അഡള്‍ട്ടറി കാക്കനാടിന്റേയും മറ്റും തുറന്നെഴുത്തിനെ ഇത്തിരിയല്ല സ്വാധീനിച്ചിട്ടുള്ളത്. എന്നാല്‍ ആ അഡള്‍ട്ടറിയേക്കാളും എത്ര മനോഹരങ്ങളാണ് പൈങ്കിളി എന്ന് ആക്ഷേപിച്ച് നോവല്‍ സാഹിത്യത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്തിയിരിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍. ജനപ്രിയ നോവലുകള്‍ ഏഴുതുന്ന കെ.കെ സുധാകരന്‍ തുടങ്ങിയവരുടെ നോവലുകളും അഡള്‍ട്ടറിയേക്കാളും ഉയര്‍ന്നു തന്നെ നില്ക്കുന്നതാണ്.
ഇതുവരെ നാം കണ്ട ലോകസാഹിത്യകാരന്മാര്‍ക്കെല്ലാം ഉണ്ടായിരുന്നത് തനതു ശൈലിയാണ്. അതാണ് വ്യക്തിത്വത്തിന്റെ സവിശേഷതയും. വ്യക്തിതന്നെ രീതി (style is the man) എന്നും, രീതിരാത്മാകാവ്യസ്യ എന്നും പറയുന്നതിലൂടെ സാധൂകരിക്കപ്പെടുന്നത് ഈ ദര്‍ശനമാണ്.
പ്രസിദ്ധരായവരുടെ ശൈലിയിലൂടേ എഴുതൂ എന്ന് ശഠിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമാണ് തമസ്‌കരിക്കുന്നത്. ഇന്ന് മലയാള സാഹിത്യത്തില്‍ കാണുന്ന ഏറ്റവും വലിയ ദുര്‍വ്വിധിയും അതാണ്. ഇന്നത്തെ കുറേ കവിതകളും (വൃത്തമുക്തകവിതകള്‍ പ്രത്യേകിച്ചും) കുറേ ചെറുകഥകളും രചയിതാവിന്റെ പേരുവയ്ക്കാതെ കാണിച്ചാല്‍ ആരുടെ രചനയാണ് അവയെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കുവാന്‍ ആകുമോ? ഒരമ്മപെറ്റ മക്കളെല്ലാം തൊപ്പിക്കാര്. എന്നാല്‍ ആശാന്റേയും ഉള്ളൂരിന്റേയും വള്ളത്തോളിന്റേയും ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടേയും വയലാറിന്റേയും പി. ഭാസ്‌ക്കരന്റേയും ഓ.എന്‍.വി യുടേയും കടമ്മനിട്ടയുടേയും ചുള്ളിക്കാടിന്റേയും സുഗതകുമാരിയുടേയും ഒക്കെ കുറേ കവിതകള്‍ പേരുവയ്ക്കാതെ ഒരു വായനക്കാരനെ എല്‍പ്പിക്കൂ, അയാള്‍ പറയും അവ ആരുടേതൊക്കെയാണെന്ന്. മുണ്ടശ്ശേരിയുടെ ശൈലിയല്ല മാരാരുടേത്. അഴീക്കോടിന്റേതാവട്ടെ വ്യത്യസ്തമായ മറ്റൊരു ശൈലി. ഈ തനിമ പുലര്‍ത്തുവാന്‍ നല്ല പങ്കു കവികള്‍ക്കും കഥാകൃത്തുക്കള്‍ക്കും ഇന്ന് കഴിയുന്നില്ല.
ഈ അടുത്ത സമയത്ത് ഭാഷാപോഷണിയില്‍ (22 മാര്‍ച്ച് ലക്കം) – മൂന്നു കഥകള്‍. ഒന്ന് സക്കറിയയുടേത്, മറ്റൊന്ന് ഓ. വി. ഉഷയുടേത്, വേറൊന്ന് ഫ്രാന്‍സിസ് നൊറോണയുടേതും. ഒന്നു വായിച്ചുനോക്കൂ. സക്കറിയാ ശൈലിയും നൊറോണ ശൈലിയും ഉഷാ ശൈലിയും എല്ലാം വ്യത്യസ്തം. ഇവരാരും പകര്‍ത്തെഴുത്തുകാരല്ല. പക്ഷേ, ഇപ്പോള്‍ പകര്‍ത്തെഴുത്തുകാരും അപ്പാടെ അപഹരിക്കുന്നവരും എത്രവേണമെങ്കിലും ഉണ്ട്.
കഥകളുടേയും കവിതകളുടേയും തലക്കെട്ടുപോലും മാറ്റാതെ അടിച്ചുമാറ്റുന്ന വിരുതന്മാർ (വിരുതികളും). അടുത്ത കാലത്ത് ഒരു കഥ വായിച്ചു. മലയാളത്തിലെ തലക്കെട്ട് വായിച്ചപ്പോഴേ സമാനമായ ഇംഗ്ലീഷ് തലക്കെട്ട് ക്ലിക്കുചെയ്തു. വായിച്ചു നോക്കി – വിശ്വസ്തമായ പകര്‍ത്തെഴുത്ത്. ഫോട്ടോസ്റ്റാറ്റ് കോപ്പി. കഥകള്‍ കക്കുന്ന കഥാകൃത്തുകളും, കവിതകള്‍ ചോരണം ചെയ്യുന്ന കവികളും ഇന്നും മലയാളത്തില്‍ ഉണ്ടല്ലോ. സാഹിത്യത്തിലും ഉണ്ട്, ഉണ്ടായിരിക്കണം ഒരു എത്തിക്ക്‌സ് – ഒരു ധാര്‍മ്മികത. ആരും കോടതികയറ്റാൻ വരില്ലെങ്കിലും അത് കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. പകരം അതു ചൂണ്ടിക്കാണിക്കുന്നവന്റെമേല്‍ ‘മെക്കിട്ടുകേറ’രുത്.
അമേരിക്കയിലെ വീടുകള്‍ പോലെയാണ് പുത്തന്‍ കൂറ്റുകാരുടെ രചനകള്‍. പ്രീഫാബ്രിക്കേറ്റഡ്. എല്ലാം ഒരു പോലെ ഹോം ഡിപ്പോയിലും മറ്റും മുറിച്ചുവച്ചിരിക്കുന്നു. അളവനുസരിച്ച് വാങ്ങിച്ചേര്‍ത്തുവയ്ക്കുക. അത്രമാത്രം.
അതല്ല, അതാവരുത് എഴുത്ത്. എഴുത്ത് നമ്മുടെ സ്വന്തമാവണം. സ്വത്വം തന്നെയാവണം. എഴുത്ത് അതിനെ വ്യഭിചരിക്കരുത്.
100% കറക്റ്റ്. അമേരിക്കയില്‍ ഇത്തരത്തിലുള്ള എഴുത്തുകാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. സ്വത്വം മറന്ന് ജീവിക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍. മറ്റുള്ളവരുടെ രചനകള്‍ മോഷ്ടിച്ച് ആളാകാന്‍ നോക്കുന്നവര്‍ പെരുകുകയാണിവിടെ. ചില മാധ്യമങ്ങള്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നുള്ളത് സത്യമാണ്. പെട്ടെന്നൊരു സുപ്രഭാതത്തിലായിരിക്കും കൂണുപോലെ പൊന്തിവരുന്ന എഴുത്തുകാര്‍. അവരുടെ രചനകള്‍ കാണുമ്പോഴേ അറിയാം ഇതെവിടെനിന്നോ അടിച്ചു മാറ്റിയതാണെന്ന്. അങ്ങനെ ‘ഈച്ചക്കോപ്പി’ ചെയ്തവര്‍ക്ക് അവാര്‍ഡും നല്‍കിയിട്ടുണ്ട് ഇവിടത്തെ ചില മലയാളി സംഘടനകള്‍… രചനയുടെ ആധികാരിത പരിശോധിക്കാതെ നല്‍കുന്ന ഇത്തരം അവാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കരുത്….
മൂല സാഹിത്യ പ്രപഞ്ചത്തെക്കുറിച്ചു അടിസ്ഥാനബോധം പോലും ഇല്ലാത്തവരാണ് അമേരിക്കയിൽ സാഹിത്യനിരൂപണം ചെയ്യുന്നത്. സാഹിത്യകാരനെക്കാൾ കൂടുതൽ സാഹിത്യനിരൂപകന് സാഹിത്യലോകത്തെ കുറിച്ച് അറിയേണ്ടതുണ്ട്. അമേരിക്കയിലെ മാധ്യമങ്ങളിൽ പ്രായേണ ആധാരമെഴുത്തു പോലെയാണ് സാഹിത്യ നിരൂപണമെന്ന പേരിൽ പ്രത്യക്ഷപ്പെടുന്നത്. പൊങ്ങച്ചങ്ങളും, പൊള്ളകളും, കുറുക്കുവഴികളും നിറഞ്ഞ ലോകമായി മാറിയിരിക്കുന്നു അമേരിക്കയിലെ സാഹിത്യലോകം. ഇന്നത്തെ സാഹിത്യലോകത്തെ തീർത്തും ആശ്വാസ്യമല്ലാത്ത പ്രവണതകളും പ്രക്രിയകളും വളരെ നന്നായി പ്രൊഫ. കോശി തലക്കൽ ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. (ഡോ.ശശിധരൻ)