ജോധ്പൂർ: തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതിന് രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
വൈറലായ ഒരു വീഡിയോയിൽ, നായ വാഹനത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നത് കാണാമായിരുന്നു. നായയുടെ ഒരു കാലിന് പൊട്ടലും മറ്റേ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. കഴുത്തിൽ ചതവുകളും ഉണ്ടായിരുന്നുവെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 428 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (മൃഗങ്ങളോട് ക്രൂരമായി പെരുമാറുക) എന്നിവ പ്രകാരം ഡോക്ടർ രജനീഷ് ഗാൽവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗർ എസ്എച്ച്ഒ ജോഗേന്ദ്ര സിംഗ് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഗാൽവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എസ്എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. ദിലിപ് കചവാഹ പറഞ്ഞു.
ചില യാത്രക്കാർ ഇയാളുടെ പ്രവൃത്തി ചിത്രീകരിക്കുകയും വാഹനം നിർത്തിയ ശേഷം നായയെ രക്ഷപ്പെടുത്തുകയും ചെയ്തതായി വീഡിയോയിൽ പറയുന്നു. പോലീസ് ആദ്യം സഹകരിക്കാൻ വിമുഖത കാണിച്ചതായി ഷെൽട്ടർ ഹോമിന്റെ കെയർടേക്കർ ആരോപിച്ചു.
“പരിക്കേറ്റ നായയെ ചികിത്സിക്കുന്നതിനായി വിട്ടു നൽകാൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടും പോലീസ് അനാവശ്യമായി ആംബുലൻസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഒരു മണിക്കൂറിലധികം അവിടെ വയ്ക്കുകയും ചെയ്തു. ഡോക്ടറുടെ സ്വാധീനത്തിൽ പോലീസ് പ്രവർത്തിച്ചു, രണ്ട് മണിക്കൂറിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്,” അദ്ദേഹം ആരോപിച്ചു.