തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ വനിതാ സംരംഭക നൽകിയ ബലാത്സംഗ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ സിബിഐ ചൊവ്വാഴ്ച ചോദ്യം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെടെയുള്ള ബന്ധങ്ങളുമായി രാഷ്ട്രീയ ബന്ധം സ്ഥാപിച്ച് വ്യവസായ പങ്കാളികളാക്കാമെന്നും സോളാർ പവർ യൂണിറ്റുകൾ സ്ഥാപിക്കാമെന്നും വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച് പലരെയും വഞ്ചിച്ച സോളാർ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്.
ബി.ജെ.പി നേതാവിനെ തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ 12 വരെ നീണ്ടു.
2013ൽ കോൺഗ്രസ് നിയമസഭാംഗമായിരിക്കെ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തുവെന്ന് വനിതാ സംരംഭക ആരോപിച്ചിരുന്നു. തലസ്ഥാന നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നതെന്നും യുവതി ആരോപിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയെ കൂടാതെ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എംഎൽഎ എപി അനിൽകുമാർ എന്നിവർക്കെതിരെയും യുവതി ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു.
അടൂര്‍ പ്രകാശ്, വേണുഗോപാൽ എന്നിവരുടെ മൊഴി ഡൽഹിയിലും അനിൽകുമാറിന്റെ മൊഴി മലപ്പുറത്തും സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംഭവം നടക്കുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഈ വർഷം ആദ്യം പരിശോധിച്ചിരുന്നു. ഹൈബി ഈഡൻ എംഎൽഎയായിരിക്കെ ഉപയോഗിച്ചിരുന്ന എംഎൽഎ ഹോസ്റ്റലിലെ മുറികളും തെളിവെടുപ്പിനായി സിബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിക്കും ഹൈബിക്കുമെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ബലാത്സംഗക്കേസുകൾ ആദ്യം അന്വേഷിച്ചത് ക്രൈംബ്രാഞ്ചാണ്. എന്നാൽ, നാലു വർഷത്തോളം അന്വേഷണം നടത്തിയിട്ടും അന്വേഷണത്തിൽ ഒരു മുന്നേറ്റവും നടത്താൻ അവർക്കായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടത്. കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു.