ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ് മേരീസ്(360 BEDFORD PARK BLVD, BRONX, NY 10458 ) സുവർണ ജൂബിലി നിറവിൽ (1972-2022). സെപ്റ്റംബർ 24നും (ശനിയാഴ്ച) 25നുമായി (ഞായറാഴ്ച്ച) നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ . ഡോ. വര്‍ഗീസ് എം ഡാനിയൽ സ്വാഗതം ചെയ്തു .
വിദേശ മണ്ണില്‍ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും ആതുര പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങാകുവാൻ അമ്പതാണ്ടിനുള്ളിൽ ഈ ഇടവകയ്ക്ക് സാധിച്ചു.
ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ് തിരുമേനി, ഫാ. നൈനാന് റ്റി. ഈശോ, ഫാ. പോള്‍ ചെറിയാന് എന്നിവര്‍ ഈ ഇടവകയിലൂടെ വളര്‍ന്ന് വന്നവരാണ്. ദീര്‍ഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാന്, നിലവിലെ വികാരി റവ . ഡോ. വര്‍ഗീസ് എം.ഡാനിയൽ . എന്നിവരുടെ ശ്രേഷ്ഠമായ നേതൃത്വം ഈ ഇടവകയെ സമ്പന്നമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
വചനം പറയുന്നത് പോലെ (ലേവ്യ, 25) ജൂബിലി വര്‍ഷത്തില്‍ നിര്‍ദ്ധനർക്ക് ആശ്വാസമാകാനായി 50 വീടുകള്‍ നിര്‍മ്മിച്ചു നല്കാൻ ഇടവക ലക്ഷ്യമിടുന്നു . പ. ബാവ തിരുമേനിയുടെ ‘സഹോദരന്’ പദ്ധതിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് നിരണം ഭദ്രാസനത്തില്‍ ആദ്യ ഭവനത്തിന് ശില ഇട്ട് പണി തുടങ്ങി.
സെപ്റ്റംബര്‍ 24 ന് ന്യൂയോര്‍ക്ക് പോലീസ് ബാന്റിന്റെ അകമ്പടിയോടെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായെയും, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയ മാര്‍ നിക്കോളവാസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് എന്നീ തിരുമേനിമാരേയും സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം പരി . പിതാവ് ഉദ്ഘാടനം ചെയ്യും. 25-ാം തീയതി പ. ബാവ തിരുമേനി മറ്റു തിരുമേനിമാരുടെ സഹകാര്മ്മികത്വത്തില് വി. കുര്‍ബ്ബാന അർപ്പിച്ച് ശ്ലൈഹിക വാഴ്വ് നല്‍കും . തുടര്‍ന്ന് മുന്‍ വികാരിമാരെ ആദരിക്കും.
സെപ്റ്റംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പ്രൊസഷൻ ,4.30 ന് സന്ധ്യാ പ്രാർത്ഥന, 5.15 ന് പൊതു സമ്മേളനം, 7 മണിക്ക് ഡിന്നർ.
25 ന് ഞായറാഴ്ച്ച 8 മണിക്ക് പ്രഭാത പ്രാർത്ഥന, തുടർന്ന് വി. കുർബാന, 12 ന് ശ്ലൈഹീക ആശീർവാദം, 12.30 ന് ലഞ്ച് എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം.
ദേവാലയത്തിന് മുന്നിൽ DOUBLE PARKING സൗകര്യം ലഭ്യമാണ് . ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യിലും പാർക്കിംഗ് സൗകര്യം ഉണ്ടാവും.