തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണ്ണറും സർക്കാരും തമ്മിലുള്ള പോരിനിടെ ഗവർണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിലെ ഗവർണറുടെ വാർത്താസമ്മേളനം സംസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അസാധാരണ സംഭവമാണെന്നും ഗവർണറുടെ രാഷ്ട്രീയത്തിന്റെ വേദിയായി രാജ്ഭവനെ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലേദിവസം വരെ നിന്നുകൊണ്ടാണ് ഗവര്‍ണ്ണര്‍ കാര്യങ്ങള്‍ പറഞ്ഞത്. അതേ കാര്യം തന്നെ ഇരുന്നുകൊണ്ട് പറഞ്ഞതില്‍ എന്താണ് പ്രത്യേകതയെന്നു മുഖ്യമന്ത്രി ചോദിച്ചു. സർക്കാരും ഗവർണറും തമ്മിൽ ആശയവിനിമയത്തിനുള്ള ഔപചാരിക മാർഗങ്ങളുണ്ട്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത്തരം മാർഗങ്ങളിലൂടെ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ ഗവര്‍ണറാണെങ്കിലും ഭരണ നിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാരിന്‍റെ ഉപദേശങ്ങൾക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഏതെങ്കിലും ബില്ലില്‍ ഒപ്പിട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കല്ല, സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വ്യക്തമാക്കുന്ന സര്‍ക്കാരിയ കമ്മിഷന്‍ 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവി ഒരു വിച്ഛേദിത പദവിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍റല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നിയമ നിര്‍മ്മാണ സഭകള്‍ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ വികാരമാണ്. അത്തരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്ക് വന്നാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാം ഒപ്പിടാതിരിക്കാം.
ഇത് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കായി അയയ്‌ക്കുകയോ നിയമസഭയുടെ പരിഗണനയ്‌ക്കായി വീണ്ടും അയയ്‌ക്കുകയോ ചെയ്യാം. ഒപ്പിടാതെ മാറ്റിവെക്കാനാവില്ല. അത് ഭരണഘടനയോടുള്ള അനാദരവാണ്. കൂടാതെ, സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം നിലവിലുണ്ടെന്നും, ഗവർണർക്ക് ഇടപെടാന്‍ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.