ഉന്നാവോ (യു.പി) : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലാ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലെ എൻഐസിയുവിൽ നവജാത ശിശുവിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ആദ്യം, പെൺകുട്ടിയുടെ ഗർഭധാരണം പോലീസോ സിഎച്ച്സിയിലെ (മൗരവൻ) മെഡിക്കൽ സ്റ്റാഫോ സംശയിച്ചിരുന്നില്ല.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ സഞ്ജയ് മിശ്ര പറഞ്ഞു. കുഞ്ഞിന് 2.60 കിലോഗ്രാം ഭാരമുണ്ട്, സാധാരണ പ്രസവമായിരുന്നു. അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിന് ആദ്യം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബവുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സിഡബ്ല്യുസി ചെയർപേഴ്സൺ പ്രീതി സിംഗ് പറഞ്ഞു. തുടര്ന്ന് കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും അവർ പറഞ്ഞു.
ജനുവരിയിൽ സമീപത്തെ കടയിൽ നിന്ന് പഞ്ചസാര വാങ്ങുന്നതിനിടെയാണ് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മുഖം മറച്ച് മൂന്ന് പേർ ചേർന്ന് കുട്ടിയെ ഒരു സെമിത്തേരിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. പോലീസ് കേസെടുത്തതിനെ തുടർന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.
പേരു വെളിപ്പെടുത്താത്ത വ്യക്തികളെക്കുറിച്ച് ഫെബ്രുവരിയിൽ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതായി എസ്പി (ഉന്നാവോ) ദിനേഷ് ത്രിപാഠി പറഞ്ഞു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പിന്നീട് തിരിച്ചറിയൽ രേഖ നൽകാമെന്ന് പെൺകുട്ടിയുടെ പിതാവ് ഉറപ്പ് നൽകിയിരുന്നു.
ഇയാൾ വെളിപ്പെടുത്തിയ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പോക്സോ ലംഘനത്തിനും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൂടാതെ പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരവും പോലീസ് കേസെടുത്തു.
“കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് അവകാശപ്പെട്ട് കുടുംബം രണ്ട് വ്യക്തികളുടെ പേരുകൾ കൂടി നൽകിയിട്ടുണ്ട്. ഞങ്ങൾ ഈ പേരുകൾ കോടതിയിൽ നൽകി അവ പരിശോധിക്കാനുള്ള ഉത്തരവ് നേടുകയും ചെയ്യും. പോക്സോ കോടതിയിൽ, കേസ് വിചാരണയിലാണ്” എസ്പി പറഞ്ഞു.