ഹൂസ്റ്റണ്‍: മലയാളികളുടെ ദേശീയോത്സവമായ ഓണം ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ കേരളീയ വേഷവിധാനങ്ങളോടെയുള്ള താലപ്പൊലിയോടെ മഹാബലിയെ വരവേറ്റു. വിഭവസമൃദ്ധമായ ഓണസദ്യയും മലയാളത്തനിമയിലൂന്നിയ കലാപരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഓണാഘോഷം മലയാളികളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജോജോ തറയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര, റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍, മേയര്‍ റോബിന്‍ ഇലക്കാട്ട്, മാവേലിയായി വന്ന സ്റ്റീഫന്‍ എരുമേലിക്കര എന്നിവര്‍ ഓണസന്ദേശം നല്‍കി.
പരിപാടികള്‍ക്ക് മെല്‍വിന്‍ വാഴപ്പിള്ളിയില്‍ സ്വാഗതവും ബെറ്റ്‌സി തുണ്ടിപ്പറമ്പില്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ഷെറിന്‍ പള്ളിക്കിഴക്കേതില്‍, ശ്രേയ കൈപ്പിള്ളിയില്‍, ഫ്രാന്‍സിസ് ചെറുകാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് വിമുക്തഭടന്മാരെ എച്ച്.കെ.സി.എസിന്റെ പേരില്‍ ആദരിക്കുകയുണ്ടായി.