ന്യൂജേഴ്സി: വൈവിധ്യമായ നിറക്കൂട്ടുകൾ. വിരലുകൾ ഉയർത്തി താളം പിടിച്ച് ആസ്വദിക്കുന്ന ചെണ്ട മേളക്കൊഴുപ്പുകൾ. പട്ടുടുപ്പിട്ട കുരുന്നു ബാലികമാരും സെറ്റുമുണ്ടും സേട്ടുസാരിയുമണിഞ്ഞു മുല്ലപ്പൂ ചൂടിയ അംഗനമാരും ചേർന്ന് താലപ്പൊലിയേന്തി അണിനിരന്നപ്പോൾ സർവ്വാഭരണ ഭൂഷണനായി കിരീടം ധരിച്ച മാവേലി മന്നൻ മുത്തുക്കുടയുടെ അകമ്പടിയോടെ പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളിയിലെ പാർക്കിംഗ് ലോട്ടിൽ ആഗതനായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(മഞ്ച്) യുടെ ഓണാഘോഷം ഇക്കുറിയും വൈവിധ്യമാർന്ന പരിപാടികളുടെ സംഗമവേദിയായി മാറുകയായിരുന്നു.
ഫൊക്കാന പ്രസിഡണ്ട് ആയി ചുമതലയേറ്റ ശേഷം ആദ്യമായി ന്യൂജേഴ്സിയിൽ എത്തിയ ഡോ. ബാബു സ്റ്റീഫൻ ആയിരുന്നു ഇക്കുറിയും മുഖ്യാതിഥി. മറ്റു വിശിഷ്ട്ടാതിഥികൾക്കൊപ്പം മുഖയാതിഥി ഡോ. ബാബു സ്റ്റീഫനും മാവേലി മന്നനോപ്പം വേദിയിലേക്ക്താലപ്പൊലിയും പുഷപവൃഷ്ടിയുമായി ആനയിക്കപ്പെട്ടു. പതിവു പോലെ ഇക്കുറിയും മഞ്ച് ഓണാഘോഷം അവിസ്മരണീയമായ ഒരു ആഘോഷമായി മാറി. മഞ്ച് വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ഉമ്മൻ, മഞ്ച് ജോയിന്റ് സെക്രട്ടറി അനീഷ് ജയിംസിന്റെ ഭാര്യ റോസ്ലിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ അതിമനോഹരമായ അത്തപ്പൂക്കളമായിരുന്നു ഒരുക്കിയിരുന്നത്.
ട്രൈ സ്റ്റേറ്റ് മേഖലയിലെ മിക്കവാറുമുള്ള സംഘടനകളുടെ ഓണാഘോഷങ്ങളിൽ മാവേലി വേഷം കെട്ടുന്ന ഫൊക്കാനയുടെ ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡണ്ട് കൂടിയായ അപ്പുക്കുട്ടൻ പിള്ളയായിരുന്നു ഇക്കുറിയും മാവേലിമന്നനായി അവതരിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി മഞ്ച് ഓണത്തിന്റെ സ്ഥിരം മാവേലിയായി വേഷമിടുന്ന അപ്പുക്കുട്ടൻ ഇത്തവണയും പ്രൗഢ ഗംഭീരമായ ചമയങ്ങളുമായി ഘോഷയാത്രയിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആനയിച്ചെഴുന്നള്ളിപ്പിച്ചപ്പോൾ സാക്ഷാൽ മാവേലി മന്നൻ തന്നെയാണോ എഴുന്നള്ളിയതെന്ന അനുഭൂതിയും ഉളവായി. തിങ്ങി നിറഞ്ഞ സദസിലൂടെ വേദിയിലെത്തിയ മാവേലിയുടെ ഇരു വശത്തുമായി താലപ്പൊലിയേന്തിയ അംഗനമാർ അണിനിരന്നപ്പോൾ ചെണ്ടവാദ്യക്കാർ കൊട്ടി തിമിർക്കുകയായിരുന്നു. ഒരു വേള ഈ ആഘോഷം കേളത്തിലെവിടെയോ നടക്കുകയാണെന്ന പ്രതീതിയും ജനിപ്പിച്ചു.
മൗന പ്രാത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിൽ മഞ്ച് യൂത്ത് കോ.ചെയർ ഐറീൻ തടത്തിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് മഞ്ച് പ്രോഗ്രാം കോർഡിനേറ്റർ ഷൈൻ ആൽബർട്ട്, കോ. കോർഡിനേറ്റർ നെസി തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ 12 അംഗനമാർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി അവതരണ ശൈലികൊണ്ടും കൃത്യമായ ചുവടു വായ്പുകൾകൊണ്ടും അതീവ ശ്രദ്ധേയമായിരുന്നു. തുടർന്ന് മഞ്ച് പ്രസിഡണ്ട് ഡോ. ഷൈനി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദഘാടനം ചെയ്തു. മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ ഷാജി വർഗീസ്, ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പൻ, ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡണ്ട് ദേവസി പാലാട്ടി, മഞ്ച് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രഷറർ ഷിബു മാത്യു മാടക്കാട്ട്, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി അനിൽ ചാക്കോ , ജോയിന്റ് ട്രഷറർ അനീഷ് ജെയിംസ്, വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ചാക്കോ, ഫൊക്കാന ബോർഡ് മെമ്പർ (യൂത്ത്) ടോണി കല്ലക്കാവുങ്കൽ, മഞ്ചിന്റെ എല്ലാ ബോർഡ്-വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്നാണ് മറ്റു തിരികൾ തെളിയിച്ചത്.
മഞ്ച് ബി.ഓ.ടി ചെയർ ഷാജി വർഗീസ് സന്ദേശം നൽകി. തുടർന്ന് മഞ്ച് യൂത്ത് കോർഡിനേറ്റർ ഇവ ആന്റണി, കോ- കോർഡിനേറ്റർ ഐറിൻ തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മഞ്ചിലെ കുരുന്നു പ്രതിഭകളെക്കൂടി ഉൾക്കൊള്ളിച്ചു നടത്തിയ ഫ്യൂഷൻ ഓപ്പണിംഗ് ഡാൻസ് ഏറെ ഹൃദ്യമായിരുന്നു.ഓണത്തിന്റെ അനുഭൂതി ഉണർത്തുന്ന ഓണപ്പാട്ടിനൊപ്പം ഇവ ആന്റണി- ഐറിൻ തടത്തിൽ ചേർന്ന് അതിമനോഹരമായ ചുവടുകളാൽ വേദിയെ മാറ്റി മറിച്ചപ്പോൾ മഞ്ചിലെ കരുന്നു സൂപ്പര് സ്റ്റാറുകളായ ഐസക്ക് തടത്തിൽ, ഐഡൻ മാത്യു, ജെയ്സൺ മാത്യു എന്നിവർ അടിപൊളി ബോളിവുഡ് പാട്ടിനു ചുവടു വച്ച് കാണികളുടെ മനം കവർന്നു. അവർക്കു പിന്നാലെ മറ്റൊരു ഓണപ്പാട്ടുമായി ജോവാന മനോജ്, ജിസ്മി മാത്യു, അലക്സ മാത്യു എന്നിവർ ചേർന്ന് അരങ്ങു തകർത്തപ്പോൾ മഞ്ചിലെ യൂത്ത് വിഭാഗത്തിലെ ആൺകുട്ടികൾ മറ്റൊരു തട്ടുപൊളിപ്പൻ പാട്ടിനൊപ്പം ആടിത്തകർത്തു. എവിൻ ആന്റണി, ജോയൽ മനോജ്, അലോഷ്യസ് ആൽബർട്ട് എന്നിവരായിരുന്നു സീനിയര് വിഭാഗത്തിലെ ഡാൻസർമാർ.
സാത്വിക ഡാൻസ് അക്കാഡമിയിലെ ഗുരു ദേവിക നായരുടെ കൊറിയോഗ്രഫിയിൽ മറ്റൊരു നൃത്ത ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. ജിസ്മി മാത്യു, ജൂഡിത്ത് മാത്യു, കെയ്റ്റിലിൻ പുളിക്കൽ, അന്ന ബിനു, അന്ന ജോർജ്, ഏവ, ഗബ്രിയേല്ല,എസ്തേർ,ഏഞ്ജനെറ്റെ, ഇവാഞ്ചൽ എന്നിവരായിരുന്നു നയന മനോഹരമായ ആ ദൃശ്യവിരുന്ന് ഒരുക്കിയത്. ജെയിംസ് ജോയ്, രാജു ജോയി, രോഹൻ മാമ്മൻ, ജൂബി മത്തായി, റീന തുടങ്ങിയവർ ഓണവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിച്ചു. ഐറീൻ തടത്തിൽ ആലപിച്ച ബോളിവുഡ് ഗാനവും ഡോ. എബി കുര്യൻ ആലപിച്ച ഇംഗ്ലീഷ് ഗാനവും ആസ്വാദക ഹൃദയങ്ങളെ പുളകം കൊള്ളിച്ചു. പ്രോഗ്രാമിന്റെ ഏറ്റവും അവസാനം മഞ്ച് പ്രോഗ്രാം കോർഡിനേറ്റർ ഷൈൻ ആൽബർട്ട്, നെസി തടത്തിൽ, ഷീന സജിമോൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തം കാണികളെ ഏറെ ആകർഷിക്കുകയുണ്ടായി.
ഫൊക്കാന പ്രസിഡണ്ട് ആയി സ്ഥാനമേറ്റ ശേഷം ആദ്യമായി മഞ്ചിന്റെ അതിഥിയായി എതിരായ ഡോ. ബാബു സ്റ്റീഫനെ ചടങ്ങിൽ ആദരിച്ചു. ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്റണിയാണ് ബാബു സ്റ്റീഫനെക്കുറിച്ചുള്ള ലഘു വിവരണം നൽകിയത്. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പട്ട മഞ്ചിന്റെ ബി.ഒ .ടി. ചെയർകൂടിയായ ഷാജി വർഗീസിനെ ഫൊക്കാന മുൻ ബി.ഒ.ടി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും അസോസിയേറ്റ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ജോയി ചാക്കപ്പനെ മഞ്ച് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കലും മഞ്ചിന്റെ യൂത്ത് വിഭാഗത്തിൽ നിന്നും ഫൊക്കാന ബോർഡ് മെമ്പർ ആയി തെരെഞ്ഞടുക്കപ്പെട്ട ടോണി കല്ലക്കാവുങ്കലിനെ മഞ്ച് ജോയിന്റ് സെക്രെട്ടറി അനിൽ ചാക്കോയും ഫൊക്കാന ന്യൂജേഴ്സി റീജിയണൽ ആർ. വി.പി ദേവസി പാലാട്ടിയെ മഞ്ച് കമ്മിറ്റി അംഗം ലിന്റോ മാത്യുവും നാഷണൽ കമ്മിറ്റി അംഗം അലക്സ് അബ്രഹാമിനെ ആൽബർട്ട് ആന്റണിയും നാഷണൽ കമ്മിറ്റി അംഗം അജി ഉമ്മനെ മനോജ് വാട്ടപ്പള്ളിയും പൊന്നാട അണിയിച്ച് ആദരിച്ചു.
ഫൊക്കാനയുടെ സ്ഥാനമൊഴിഞ്ഞ സെക്രെട്ടറിയും മഞ്ച് മുൻ പ്രസിഡണ്ടുമായ സജിമോൻ ആന്റണിയെയും ഫൊക്കാനയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരവിഭാഗത്തിൽ മികച്ച ജീവിതാനുഭകുറിപ്പുകൾക്കുള്ള അവാർഡും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ച മഞ്ച് പി.ആർ.ഒ ഫ്രാൻസിസ് തടത്തിലിനെയും ന്യൂജേഴ്സിയിലെ ആദ്യത്തെ വനിത മലയാളി പോലീസ് ഓഫീസറും ( ഡിക്റ്റക്റ്റീവ്) മഞ്ച് കുടുംബാംഗവുമായ ക്രസ്റ്റീന മൈക്കിൾ എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. മഞ്ച് ട്രഷറർ ഷിബു മാത്യു സജിമോൻ ആന്റണിയെയും മഞ്ച് ചാരിറ്റി ചെയർ ഷിജിമോൻ മാത്യു ഫ്രാൻസിസിനെയും ഡോ. ഷൈനി രാജു ക്രസ്റ്റീന മൈക്കിളിനെയും പൊന്നാടയണിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് മികച്ച ഓണ വസ്ത്ര ധാരണം നടത്തിയവർക്കായി ഏർപ്പെടുത്തിയ പ്രത്യേക സമ്മാനത്തിന് പുരുഷ വിഭാഗത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നു വന്ന വിപിൻ രാജിനും വനിതകളുടെ വിഭാഗത്തിൽ ജിനു ലിന്റോയ്ക്കും ലഭിച്ചു. വിപിൻ രാജിന് രഞ്ജിത്ത് പിള്ളയും ജിനു ലിന്റോയ്ക്ക് ആനി ലിബുവും സമ്മാനങ്ങൾ നൽകി.
മഞ്ച് ജോയിന്റ് സെക്രെട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ അനീഷ് ജെയിംസ് സ്വാഗതവും ജോയിന്റ് സെക്രെട്ടറി അനിൽ ഉമ്മൻ നന്ദിയും പറഞ്ഞു. മഞ്ച് ബോർഡ് മെമ്പർ രാജു ജോയി ആയിരുന്നു പരിപാടിയുടെ അവതാരകൻ. ഇലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യയോടെയായിരുന്നു ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്.