ന്യൂഡല്‍ഹി: എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോപ്പുലർ ഫ്രണ്ടിനെതിരെ കുരുക്കിലാക്കി അവരുടെ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ തുടരുന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ 11 സംസ്ഥാനങ്ങളിലായി 150ലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇതുവരെ 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എൻഐഎയുടെ രഹസ്യ ഓപ്പറേഷൻ ആരംഭിച്ചത്.
കേരളത്തിൽ മാത്രം രണ്ട് കേസുകളിലായി 19 പേർ അറസ്റ്റിലായി. തമിഴ്‌നാട്ടിൽ 11 പേരും കർണാടകയിൽ 7 പേരും ആന്ധ്രയിൽ 4 പേരും രാജസ്ഥാനിൽ 2 പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ഡല്‍ഹിയില്‍ എത്തിച്ചു. ഒ.എം.എ. സലാം ഉള്‍പ്പടെയുള്ളവരെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ഒ.എം.എ. സലാം, കെ.പി. ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി. ഷഫീര്‍, പി. അബൂബക്കര്‍, പി. കോയ, ഇ.എം. അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങി 14 പേരെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. രണ്ടുപേരെ കൊച്ചി വഴിയും 12 പേരെ കരിപ്പൂര്‍ വഴിയുമാണ് കൊണ്ടുപോയത്.
കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡിനെത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിലായി ആറ് കൺട്രോൾ റൂമുകളും സ്ഥാപിച്ചു. 1500ലധികം ഉദ്യോഗസ്ഥരാണ് റെയ്ഡുകളില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നേരിട്ട് നിരീക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷന്‍. തെക്കേ ഇന്ത്യയ്ക്കും ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമെല്ലാം റെയ്ഡ് നടന്നു.