പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരില്‍ തെരുവുകളിൽ അക്രമികള്‍ അഴിഞ്ഞാടി; നോക്കുകുത്തികളായി പോലീസുകാർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളെ എന്‍‌ഐ‌എ/ഇഡി വിഭാഗം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. പോലീസിനെതിരെയും അക്രമികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും നേരെ കല്ലേറുണ്ടായി.

കല്ലേറിൽ ഭൂരിഭാഗം വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്നലെ നടന്നത്. 11 സംസ്ഥാനങ്ങളിലായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 150ലധികം പിഎഫ്ഐ നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മിക്കയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് യാത്രക്കാരെ അസഭ്യം പറഞ്ഞ പിഎഫ്‌ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ പോലീസുകാരെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പിച്ചു. കണ്ണൂരില്‍ പെട്രോള്‍ ബോംബേറ് നടത്തി. കല്യാശേരിക്കടുത്ത് പെട്രോള്‍ ബോംബുമായി രണ്ട് ബൈക്കുകളില്‍ എത്തിയ അഞ്ച് പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.

ഇരാറ്റുപേട്ടയില്‍ പോലീസുകാരെ കാഴ്ചക്കാരാക്കി പിഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ അഴിഞ്ഞാടി. സംസ്ഥാനത്ത് പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അക്രമം തടയാന്‍ പര്യാപ്തമായിട്ടില്ലെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News