കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഇത്തരം മിന്നൽ ഹർത്താലുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഹർത്താലുകള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി ലംഘിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജനങ്ങളെ ബന്ദികളാക്കുന്ന ഇത്തരം കാടത്തം അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
പൊതുമുതൽ നശിപ്പിക്കുകയും സ്വകാര്യ സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. അതേസമയം, കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ഗ്ലാസുകൾ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.