ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
ശനിയാഴ്ച രാവിലെ 7:00 മണിക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ പള്ളി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകക്കാരും, സമീപ പ്രദേശങ്ങളിലെ വൈദീകരും, ശെമ്മാശന്മാരും, വൈദീക വിദ്യാര്‍ത്ഥികളും മറ്റു സഭാ-സാമുദായിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായി അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പരിശുദ്ധ ബാവാ അമേരിക്ക സന്ദര്‍ശിക്കുന്നത്. രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെടും.
കുര്‍ബ്ബാനാനന്തരം, ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക പുതിയതായി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ദേവാലയത്തിന്റെ ശിലാ ശുദ്ധീകരണ കര്‍മ്മം പരിശുദ്ധ ബാവാ തിരുമേനി നിര്‍വ്വഹിക്കും. വിശുദ്ധ കുര്‍ബ്ബാനയിലും, ശിലാ ശുദ്ധീകരണ ശുശ്രൂഷയിലും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് സഹകാര്‍മ്മികത്വം വഹിക്കും.
പരിശുദ്ധ ബാവാ തിരുമേനിയെ സമുചിതമായി സ്വീകരിക്കുന്നതിനും, വിശുദ്ധ കുര്‍ബ്ബാനയിലും ശിലാ ശുദ്ധീകരണ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ വിശ്വാസികളേയും സാദരം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ഗ്രിഗറി വര്‍ഗീസ് (വികാരി) 914 413 9200, കെന്‍സ് ആദായി (സെക്രട്ടറി) 347 992 1154, ജോസ് തോമസ് (ട്രസ്റ്റീ) 631 241 5285, മാത്യു മാത്തന് (ട്രസ്റ്റീ) 516 724 3304.